ഹായിൽ - സൗദി ജീവനക്കാരന്റെ സഹോദരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹായിൽ സനാഇയ്യയിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖ ഹായിൽ ആരോഗ്യ വകുപ്പ് താൽക്കാലികമായി അടപ്പിച്ചു. രോഗബാധ സ്ഥിരീകരിച്ച സഹോദരിയുമായി രണ്ടാഴ്ചക്കിടെ ജീവനക്കാരൻ അടുത്തു സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്ക് ശാഖ മുൻകരുതലെന്നോണം ആരോഗ്യ വകുപ്പ് അടപ്പിച്ചത്.
കൊറോണബാധ സ്ഥിരീകരിച്ച സഹോദരിയുമായി സഹപ്രവർത്തകൻ സമ്പർക്കം പുലർത്തിയതായി ബാങ്ക് ജീവനക്കാരിൽ ഒരാൾ 937 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരന്റെ സഹോദരി രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹായിൽ കിംഗ് സൽമാൻ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഐസൊലേഷനും രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് ബാങ്ക് എസ്.എം.എസുകൾ അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ബാങ്ക് ശാഖ അണുവിമുക്തമാക്കും. അണുനശീകരണ ജോലികൾ പൂർത്തിയായ ശേഷം മറ്റു ശാഖകളിൽ നിന്നുള്ള ജീവനക്കാരെ ലഭ്യമാക്കി ബാങ്ക് ശാഖ വൈകാതെ തുറന്നു പ്രവർത്തിക്കും.