ന്യൂദൽഹി- ആൾദൈവ പരിവേഷമുള്ള യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലി ആയുർവേദ് പുറത്തിറക്കുന്ന ച്യവനപ്രാശ ലേഹ്യം പരസ്യം ചെയ്ത് പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ദൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഈ ലേഹ്യം വിപണിയിറക്കുന്ന മറ്റൊരു ബ്രാൻഡായ ഡാബർ തങ്ങളുടെ ഉൽപ്പന്നത്തെ പതജ്ഞലി താഴ്ത്തിക്കെട്ടി പരസ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് വിധി. ഹർജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 26 വരെ ടി.വി, പത്രം, മറ്റുമാധ്യമങ്ങൾ എന്നിവ മുഖേനയുള്ള ച്യവനപ്രാശ പരസ്യങ്ങൾ നിർത്തി വയ്ക്കണമെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ച് ബാബാ രാംദേവിന്റെ കമ്പനിയോട് ഇടക്കാല ഉത്തരവിട്ടത്.
പരാതിക്കാരുടെ ആവശ്യം പരിഗണിക്കേണ്ടതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. ഡാബർ ഇന്ത്യ സമർപിച്ച ഹർജിയിൽ നിലപാടു തേടി ഹൈക്കോടതി പതജ്ഞലിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പരസ്യങ്ങൾ തടയണമെന്ന ആവശ്യത്തിനു പുറമെ പതജ്ഞലി 2.01 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നും ഡാബർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഈ ഹർജിയിൽ വാദം കേൾക്കാൻ സിംഗ്ൾ ബെഞ്ച് വിസമ്മതിച്ചതിനെ തുടർന്ന് ഡാബർ വിശാല ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഡാബർ പുറത്തിറക്കുന്ന ച്യവനപ്രാശത്തിന്റെ അതേ രൂപത്തിലും രൂപകൽപ്പനയിലും നിറത്തിലുമാണ് പതജ്ഞലിയും ച്യവനപ്രാശം പുറത്തിറക്കുന്നത്. ഇത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നും നിയമവിരുദ്ധമാണിതെന്നും ഡാബർ ചൂണ്ടിക്കാട്ടുന്നു.