ന്യൂദൽഹി- ലോക്ക്ഡൗണിനിടെ മരണപ്പെട്ട സ്വന്തം വീട്ടുജോലിക്കാരിയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. ആറു വർഷമായി ഗംഭീറിന്റെ വീട്ടിൽ ജോലികളിൽ സഹായിച്ചിരുന്ന ഒഡീഷക്കാരിയായ സരസ്വതി പാത്രയുടെ മരണാനന്തര കര്‍മങ്ങളാണ് ഗംഭീര്‍ സ്വയം ഏറ്റെടുത്തത്. ലോക്ക്ഡൗണ്‍ കാരണം ഇവരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.
'എന്റെ കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും ഇത്രയും കാലം നോക്കിയത് വെറും വീട്ടുജോലിയായി മാത്രം കാണാനാകില്ല. അവർ എന്റെ കുടുംബാംഗമായിരുന്നു. അവർക്ക് അന്ത്യകർമങ്ങൾ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായി കാണുന്നു.' ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ചുകൊണ്ട് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
ഒഡീഷയിലെ ജാജ്പുർ സ്വദേശിനിയായ സരസ്വതി പാത്ര(49) കഴിഞ്ഞ ആറു വർഷമായി ഗംഭീറിന്റെ വീട്ടിൽ ജോലികളിൽ സഹായിക്കുകയാണ്. ദീർഘനാളായി പ്രമേഹവും രക്തസമ്മർദ്ദവും പിടികൂടിയ ഇവരെ ദൽഹിയിലെ സർ ഗംഗ രാം ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയായിരുന്നു. ഏപ്രിൽ 21നാണ് സരസ്വതി മരണമടഞ്ഞത്.