മുംബൈ- കോവിഡ് ബാധിതനെന്ന് സംശയിച്ച് 34 കാരനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ നഗരത്തിലാണ് സംഭവം. ഗണേശ് ഗുപ്ത എന്നയാളെയാണ് വഴിയില്‍വെച്ച് ചുമച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അക്രമിച്ചു കൊന്നത്.
ബുധനാഴ്ച രാവിലെ അവശ്യവസ്തുക്കൾ വാങ്ങാനാണ് ഗണേഷ് ഗുപ്ത വീട്ടിൽ നിന്ന് ഇറങ്ങിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ഭാഗമായുള്ള പൊലീസിനെ റോഡില്‍ കണ്ടതോടെ ഇദ്ദേഹം വഴിമാറി നടന്നു. ഇതിനിടെ യുവാവ് ചുമച്ചത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ കോവിഡ് ബാധിതനെന്ന് സംശയിച്ച് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ഓവുചാലില്‍ വീണാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഖഡക്പാഡ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു