കൊച്ചി- കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരണമെന്ന കെഎംസിസി ഹരജയില്‍ ഇപ്പോള്‍ നിലപാടെടുക്കില്ലെന്ന് കേരള ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോട് നിലവിലെ സാഹചര്യത്തില്‍ പ്രവാസികളെ മടക്കികൊണ്ടുവരാന്‍ നിര്‍ദേശിക്കാനാകില്ലെന്നും ലോക്ക്ഡൗണിന് ശേഷം ഹരജി വീണ്ടും പരിഗണിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നതായും ഹൈക്കോടതി അറിയിച്ചു.ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ മെയ് അഞ്ചിനായിരിക്കും ഹരജി പരിഗണിക്കുക.
ഒരു ലക്ഷം പേരെങ്കിലും മടങ്ങി വരേണ്ടി വരുന്ന സാഹചര്യത്തില്‍ സജ്ജീകരണങ്ങള്‍ ആവശ്യമാണ്. മറ്റ് രാജ്യങ്ങളുടെ നിലപാടെടുക്കാന്‍ നമുക്ക് സാധിക്കില്ല. നയപരമായ തീരുമാനമാണ് ഇപ്പോള്‍ വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി നല്‍കിയ ഹരജിയിലാണ് കോടതി നിലപാടെടുത്തത്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി നിലവിലെ സാഹചര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് രേഖമൂലം അറിയിക്കാനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. കേരളം മാത്രമാണ് പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.