ബംഗളൂരു- പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സഹചര്യത്തിൽ ബംഗളൂരുവിലെ ഹൊങ്കസാൻഡ്രയിലെ ചേരി ഭാഗികമായി അടച്ചു. ആയിരത്തോളം പേരാണ് ഈ ചേരിയിൽ താമസിക്കുന്നത്. നഗരത്തിലെ മെട്രോ റെയിൽ പ്രൊജക്ടിൽ ജോലി ചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 184 പേരെ ഇവിടെ ഇതിനോടകം ക്വാറന്റൈ്വൻ ചെയ്തിട്ടുണ്ട്. ബിഹാറിൽനിന്നുള്ള 54 വയസുകാരനാണ് ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ തന്നെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും കൂടെയുളളവർ ഗൗനിച്ചിരുന്നില്ല. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇവിടെ നിരവധി പേർക്ക് ഭക്ഷണം വെച്ചുവിളമ്പിയിരുന്നു. ഇപ്പോഴും എത്രപേർക്ക് രോഗം ബാധിച്ചു എന്നതിന് തെളിവില്ല. 445 പേർക്കാണ് ഇതോടകം കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് അസുഖം ബാധിച്ച് മരിച്ചത്. 145 പേർക്ക് രോഗം ഭേദമായി.