ഭോപാൽ- മധ്യപ്രദേശിൽ കാണാതായ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത നിലയിൽ കണ്ടെത്തി. കുട്ടിയെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുതൽ കാണാതായ കുട്ടിയെ വീടിന് അടുത്തുള്ള ആൾപാർപ്പില്ലാത്ത വീടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഡാമോ ജില്ലയിലെ ജാബേര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ കാലും കയ്യും കെട്ടിയിട്ട നിലയിലായിരുന്നു. കണ്ണുകൾ രണ്ടും പിഴുതെടുക്കാൻ അക്രമികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കണ്ണുകൾ വീർത്തതിനാൽ പരിശോധന നടത്താനായിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലായ കുട്ടിയെ ജബൽപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അക്രമികളെ പറ്റി എന്തെങ്കിലും വിവരം നൽകുന്നവർക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകിട്ടാണ് അടുത്തുള്ള കടയിലേക്ക് കുട്ടിയെ സാധനങ്ങൾ വാങ്ങാനായി പറഞ്ഞയച്ചത്. പിന്നീട് കുട്ടിയെ കണ്ടിട്ടില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം മധ്യപ്രദേശിൽ നടക്കുന്ന രണ്ടാമത്തെ ഹീനകൃത്യമാണിത്. കഴിഞ്ഞയാഴ്ചയാണ് കാഴ്ചപരിമിതിയുള്ള ബാങ്ക് ഉദ്യോഗസ്ഥ സ്വന്തം വീട്ടിൽ ബലാത്സംഗത്തിന് ഇരയായത്. തലസ്ഥാനമായ ഭോപാലിലെ ഷാപുരയിലായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തിന് പുറത്താണ്. ഈ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. ഒരു മാസത്തെ ഭരണം കൊണ്ട് എന്ത് തരം ക്രമസമാധാനമാണ് മധ്യപ്രദേശിൽ കൊണ്ടുവന്നതെന്നും കമൽനാഥ് ചോദിച്ചു. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ മറിച്ചിട്ടാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്.