Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ കാലത്തും ആത്മവിശുദ്ധിയുടെ വിശ്വപ്രപഞ്ചം തീര്‍ക്കാം

'മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. അതിന് അതിന്റെ അധര്‍മത്തെയും ധര്‍മത്തെയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു' (ഖുര്‍ആന്‍ 91:7-10).


ഈ ഖുര്‍ആന്‍ വചനങ്ങള്‍ മനുഷ്യന്റെ രണ്ടു വിപരീത ഭാവങ്ങളെയാണ് സൂചിപ്പിക്കുന്നത്. നന്മ ചെയ്തു മലക്കുകളെപ്പോലെ ഉന്നതരാവാനും തിന്മ ചെയ്തു പിശാചുക്കളെപ്പോലെ ദുഷ്ടരാവാനും മനുഷ്യര്‍ക്ക് സാധിക്കും.

ഭൗതിക ജീവിതത്തിന്റെ മനോഹാര്യതയില്‍ മതിമറന്നു ജീവിക്കുന്നത് കൊണ്ടാണ് മനുഷ്യരില്‍ അഹന്ത വര്‍ധിക്കുന്നതും ജീവിതലക്ഷ്യത്തെ കുറിച്ച് മറന്നുപോവുകയും ചെയ്യുന്നത്. ഈ അവസ്ഥയില്‍നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ തഖ്വ അഥവാ ആത്മവിശുദ്ധിക്ക് മാത്രമേ സാധിക്കൂ.

ഭൗതിക പ്രമത്തത കാരണം മനുഷ്യാത്മാവിലേക്ക് ലയിച്ചു ചേരുന്ന ദുര്‍വിചാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിച്ചെങ്കില്‍ മാത്രമേ ആത്മാവിനെ പരിശുദ്ധമാക്കുവാന്‍ സാധിക്കുകയുള്ളൂ. ആത്മാവിനെ പരിശുദ്ധമാക്കി ഏറ്റവും വിശിഷ്ടമായ സ്വഭാവങ്ങളുടെ ഉടമയായിത്തീരുവാന്‍ വേണ്ടിയാണ് സമയബന്ധിതമായ ആരാധനാകര്‍മങ്ങള്‍ അല്ലാഹു മനുഷ്യന് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അങ്ങനെ അല്ലാഹു മനുഷ്യന് സമയബന്ധിതമായി നിര്‍ണയിച്ച ആരാധനാകര്‍മമാണ് റമദാനിലെ വ്രതാനുഷ്ഠാനം.


ആത്മസംസ്‌കരണം നേടി ഏറ്റവും നല്ല സ്വഭാവങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി അല്ലാഹു തെരഞ്ഞെടുത്ത പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. പ്രവാചകനും പൂര്‍വസൂരികളും ഏറ്റവും കൂടുതല്‍ ആരാധനകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന മാസമാണ് റമദാന്‍. ആരാധനകളിലൂടെ അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ മനുഷ്യാത്മാവില്‍ കുടികൊള്ളുന്ന ദുഷ്ടതകളെ കരിച്ചുകളയാന്‍ സാധിക്കും. ആരാധനകളെന്നു പറയുമ്പോള്‍ നമസ്‌കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ മാത്രമല്ല, രോഗികളെ ശുശ്രൂഷിക്കല്‍, അഗതികള്‍ക്കും വിധവകള്‍ക്കും വേണ്ടി അധ്വാനിക്കല്‍, ജനാസയെ അനുഗമിക്കല്‍ തുടങ്ങി ആര്‍ദ്രതയുടെയും കനിവിന്റെയും വികാരങ്ങളടങ്ങിയ പുണ്യപ്രവര്‍ത്തികളെല്ലാം അതില്‍ പെടും.  

റമദാന്‍ പ്രപഞ്ചത്തെ പോലും സ്വാധീനിക്കും. ദുഷ്ടശക്തികളെ ചങ്ങലക്കിടുകയും നന്മയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടും ചെയ്യും.  പ്രവാചകന്‍ പറഞ്ഞു: റമദാനിന്റെ ആദ്യ രാത്രിയില്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ക്ക് താഴ്വീഴും. അതില്‍ ഒരു വാതില്‍ പോലും തുറക്കപ്പെടില്ല. സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടും. ഒരു വാതില്‍ പോലും അടയില്ല. അവിടെ പ്രഖ്യാപിക്കപ്പെടും: നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ തേടുന്നവനേ, പിറകോട്ടുപോകൂ, നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരായി നിരവധിയുണ്ടാവും. അത് എല്ലാ രാവിലും സംഭവിക്കും. ഇത് ദൈവിക വിളംബരമാണ്. അതുകൊണ്ടുതന്നെ റമദാനിലൂടെ ജന്മനസ്സുകള്‍ ശാന്തമാകുകയും നന്മയോടുള്ള താല്‍പര്യം അവരില്‍ വര്‍ധിക്കുകയും ചെയ്യും. റമദാനില്‍ നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിലേക്ക് എത്തിച്ചേരാനുള്ള വഴി അല്ലാഹു തന്നെ ഒരുക്കിക്കൊടുക്കും. നന്മയിലൂടെ മുമ്പോട്ട് കുതിക്കുന്നവര്‍ക്ക് അവരുടെ പാത അല്ലാഹു സുഗമമാക്കിക്കൊടുക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: 'നമ്മുടെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം നടത്തുന്നവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്വൃത്തരോടൊപ്പമാകുന്നു'. (ഖുര്‍ആന്‍ 29:69).

മനസ്സില്‍ കളങ്കങ്ങള്‍ സൂക്ഷിക്കുകയും മറ്റുള്ളവരോട് അസൂയയും ഈര്‍ഷ്യതയും പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് റമദാന്‍ ഒട്ടും ഗുണം ചെയ്യില്ല. അവരുടെ നമസ്‌കാരങ്ങള്‍ക്കോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഫലമുണ്ടാവില്ല. കാരണം മറ്റുള്ളവര്‍ക്ക് ഗുണമുണ്ടാവണമെന്ന സദ്വിചാരമില്ലാത്തവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അല്ലാഹു ഏറെ മാപ്പു നല്‍കുന്നവനാണ്. അവന്‍ മാപ്പിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.  റമദാനില്‍ പ്രത്യേകമായി പ്രാര്‍ഥിക്കാന്‍ റസൂല്‍ (സ്വ) നിര്‍ദേശിച്ച പ്രാര്‍ഥന ഇങ്ങനെയാണ്: 'അല്ലാഹുവെ നീയാണ് മാപ്പ്. നീ മാപ്പിനെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നാഥാ നീ എനിക്ക് മാപ്പ് നല്‍കേണമേ'.
മനുഷ്യര്‍ക്ക് മാപ്പ് നല്‍കാത്തവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കില്ല.  മറ്റുള്ളവര്‍ക്ക് വിട്ടുവീഴ്ച നല്‍കി അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുകയാണ് യഥാര്‍ഥ നോമ്പുകാരന്‍ ചെയ്യേണ്ടത്. റമദാന്‍ ആഗതമായാല്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തറാവീഹ് നമസ്‌കാരം, ഇഅ്തികാഫ്, ഖുര്‍ആന്‍ ഖത്തം തീര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളാണ്. എന്നാല്‍ അതൊക്കെ അതിപ്രധാനമെങ്കിലും ജീവിതവുമായി അവയെ ബന്ധപ്പെടുത്തുമ്പോള്‍ അവ നിര്‍വഹിക്കുന്നവര്‍ക്ക് മറ്റുള്ളവരോട് മനസ്സില്‍ യാതൊരു വെറുപ്പും വിദ്വേഷവും സൂക്ഷിച്ചു വെക്കാന്‍ കഴിയില്ല. 'കരുണ ചെയ്യാത്തവനോട് അല്ലാഹുവും കരുണ ചെയ്യില്ല' എന്ന പ്രവാചക വചനവും ഇതിനോട് ചേര്‍ത്തുവായിക്കുക.
ഭിന്നിപ്പില്‍നിന്നും ഛിദ്രതയില്‍നിന്നും അനൈക്യത്തില്‍ നിന്നും അകന്ന് നില്‍ക്കാനാണ് റമദാന്‍ ആഹ്വാനം ചെയ്യുന്നത്. റമദാന്‍ നല്‍കുന്ന വലിയ സന്ദേശവും അതാണ്. ഭിന്നതകളും തര്‍ക്കങ്ങളും അനൈക്യങ്ങളും മനുഷ്യരിലെ ഐശ്വര്യവും അറിവും ഉല്‍ക്കര്‍ഷവും കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. പ്രവാചക സന്നിധിയില്‍ വെച്ച് രണ്ടു അനുചരന്മാര്‍ പരസ്പരം ശണ്ഠ കൂടിയ സംഭവം ഉബാദത്തുബ്‌നുസ്സ്വാമിത്ത് (റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: 'ലൈലത്തുല്‍ ഖദ്ര്‍ ഏത് ദിവസമാണ് ഉണ്ടാവുക എന്ന് അറിയിക്കാനായി റസൂല്‍ (സ) പുറത്തുവന്നു. അപ്പോള്‍ രണ്ട് മുസ്ലിം സഹോദരന്മാര്‍ ശണ്ഠ കൂടുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടു. നബി (സ) പറഞ്ഞു: 'ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് നിങ്ങളോട് പറയാനാണ് ഞാന്‍ പുറത്തേക്ക് വന്നത്. അപ്പോഴാണ് രണ്ടാളുകള്‍ ശണ്ഠ കൂടുന്നത് കണ്ടത്. അന്നേരം അത് ഉയര്‍ത്തപ്പെട്ടു. അതൊരുവേള നിങ്ങളുടെ നന്മക്കായിരിക്കാം. അഞ്ചും ഏഴും ഒമ്പതും രാത്രികളില്‍ തേടിക്കൊള്ളുക.'' സുപ്രധാനമായ ഒരു വിവരം കൈമാറാന്‍ ഉദ്ദേശിച്ച് പുറത്തുവന്ന നബി (സ) ക്ക് തന്റെ വിലപ്പെട്ട സമയം രണ്ടു സ്വഹാബിമാര്‍ക്കിടയില്‍ ഉളവായ പ്രശ്നം പരിഹരിക്കാന്‍ ചെലവിടേണ്ടിവന്നു. ആ ശണ്ഠ എത്ര വലിയ അനുഗ്രഹമാണ് നഷ്ടപ്പെടുത്തിയത്? നമ്മുടെ കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കുമിടയില്‍ ഉളവാകുന്ന പ്രശ്നങ്ങളും തര്‍ക്കങ്ങളും ശണ്ഠകളുംമൂലം എത്രയെത്ര അനുഗ്രഹങ്ങളാണ് നമുക്ക് നഷ്ടപ്പെടുന്നതെന്ന് ചിന്തിക്കുക. മുസ്ലിം സമുദായം എന്നത്തേക്കാളും കൂടുതല്‍ ഐക്യം ആഗ്രഹിക്കുന്ന സമയങ്ങളിലും നിസ്സാര കാര്യങ്ങളുടെ പേരില്‍ കലഹങ്ങളുണ്ടാക്കി അനൈക്യം സൃഷ്ടിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം നഷ്ടപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അനൈക്യത്തിന് വേണ്ടിയല്ല നാം ശബ്ദിക്കേണ്ടത്; ഐക്യത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. അനൈക്യത്തിന് വേണ്ടി ശബ്ദിക്കുന്നവരെ അവഗണിക്കുക.


തഖ്വയാണ് റമദാനിലൂടെ നേടിയെടുക്കേണ്ടത്. ആത്മവിശുദ്ധിയിലൂടെ വിശാലമായ സാമൂഹിക വീക്ഷണം നേടിയെടുത്തുകൊണ്ടായിരിക്കണം തഖ്വ എന്ന സ്വര്‍ഗത്തിന്റെ താക്കോല്‍ കരസ്ഥമാക്കേണ്ടത്. തഖ്വ ജഡത്വം ബാധിച്ച ഒരു വസ്തുവല്ല. മറിച്ച് ചലനാത്മകമായ ഒട്ടേറെ നന്മകളുടെ സമ്മിശ്രമായ അവസ്ഥയാണ്. തെറ്റുകളില്‍നിന്നും മാറി നില്‍ക്കാനും ശരികള്‍ ധാരാളം ചെയ്യുവാനാണ് തഖ്വ നമ്മെ പ്രേരിപ്പിക്കുന്നത്. സ്‌നേഹവും കാരുണ്യവും വിട്ടുവീഴ്ചയും സഹാനുഭൂതിയും ഹൃദയത്തിന് അലങ്കാരമായി കരുതി, വിശ്വാസികളില്‍ എല്ലാവരെ കുറിച്ചും നല്ല വിചാരങ്ങള്‍ മാത്രം സൂക്ഷിച്ചുകൊണ്ട് എല്ലാവര്‍ക്കും നല്ലത് വരണേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ആരാധനകള്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് അത് തഖ്വയില്‍ അധിഷ്ഠിതമാകുന്നത്. ലോക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നു പ്രവാചകന്‍ പഠിപ്പിച്ച ആരാധനാകര്‍മങ്ങളില്‍ വ്യാപൃതരായി ഏറ്റവും നല്ല സ്വഭാവങ്ങള്‍ പരിശീലിച്ച് ആത്മവിശുദ്ധിയുടെ വിശ്വപ്രപഞ്ചം തീര്‍ക്കാന്‍ ഈ റമദാന്‍ നമുക്ക് ഭാഗ്യം നല്‍കട്ടെ.

 

Latest News