Sorry, you need to enable JavaScript to visit this website.

ഉദ്ധവിന്റെ മുഖ്യമന്ത്രി കസേര ഇളകുന്നു?

മുംബൈ- മഹാരാഷ്ട്രയില്‍ കനത്ത വെല്ലുവിളികള്‍ നേരിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒന്ന് കോവിഡ്19, മറ്റൊന്ന് മുഖ്യമന്ത്രിക്ക് നിയമസഭാംഗമാകാനുള്ള വെല്ലുവിളി. നവംബര്‍ 28നാണ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറ് മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണമെന്നാണ് നിയമം. ഇതുപ്രകാരം മെയ് 24ന് ഈ സമയം അവസാനിക്കും. കോവിഡിന്റെ പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.
ഗവര്‍ണര്‍ക്ക് കൗണ്‍സിലിലേക്ക് ആളെ ശുപാര്‍ശ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഭരണപക്ഷത്തുള്ള എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ രണ്ട് ഒഴിവുകളാണ് കൗണ്‍സിലില്‍ ഇപ്പോഴുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഒഴിവ് നികത്താന്‍ ഗവര്‍ണര്‍ താക്കറയെ ശുപാര്‍ശ ചെയ്യണമെന്നാണ് മന്ത്രിസഭ ആവശ്യപ്പെട്ടത് എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന.
ഒഴിവുകളിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ നിയമപരമായ പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഒഴിവായ അംഗത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പും നാമനിര്‍ദേശവും നടത്താന്‍ കഴിയില്ല.
കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടേയും കാലാവധി ജൂണ്‍ ആറുവരെയുള്ളൂ. ഇതിനുപുറമേ ആര്‍ട്ടിക്കിള്‍ 171പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം' എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ളവര്‍ക്കായി നീക്കിവച്ചിട്ടുള്ളതാണ് ഈ ഒഴിവുകള്‍.
എല്ലാവരും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ വാക്കിനായാണ് കാത്തിരിക്കുന്നത്. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. എന്നാല്‍ കാബിനറ്റ് ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്നും തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. തീരുമാനം വൈകുന്നത് ബിജെപിയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശിവസേനയുടെ ഭാഗത്ത് നിന്നും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഉദ്ധവിന്റെ രാജിയിലാവും ഇത് ചെന്നെത്തുക. മറ്റേതെങ്കിലും ശിവസേന നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കേണ്ടി വരും. അല്ലാത്തപക്ഷം
ഉദ്ധവ് സര്‍ക്കാരിന് ഇനി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നതാണ് ഒരു പോംവഴി. എന്നാല്‍ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിയമസഭ ചേരാനും തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ തയ്യാറാകുമോ എന്നത് സംശയമാണ്.
 

Latest News