മലപ്പുറം-ലോകജനത കോവിഡ് എന്ന മഹാമാരിയുടെ ഭയത്തിനു മുന്നിൽ നിൽക്കേ ആഗതമാകുന്ന പരിശുദ്ധ റമദാനിനെ അചഞ്ചലമായ ദൈവ വിശ്വാസത്തിലൂന്നിയ ആരാധനാ കർമങ്ങളുടെയും അതിരറ്റ കാരുണ്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദർഭമായി കരുതണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു. മാനവ കുലത്തിന് മാർഗദർശനമായി വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസം ആയിരം രാവുകളേക്കാൾ പുണ്യമേറിയ ലൈലത്തുൽ –ഖദ്ർ എന്ന ഒറ്റ രാത്രിയുടെ ശ്രേഷ്ഠത കൂടിയുള്ളതാണ്. 'നിങ്ങൾക്കു മുമ്പുള്ളവർക്ക് നിർബന്ധമാക്കിയതു പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരുവാൻ വേണ്ടി' എന്നാണ് ഖുർആൻ നോമ്പിന്റെ ചരിത്രവും തത്വശാസ്ത്രവുമായി വ്യക്തമാക്കുന്നത്.
ആരാധനകൾക്കും പ്രാർഥനകൾക്കും നല്ല വാക്കിനും ചിന്തക്കും സൽപ്രവൃത്തിക്കും ദൈവീക പ്രതിഫലം പതിൻമടങ്ങായി ഉറപ്പു ലഭിച്ചിട്ടുള്ള മാസം. ഒരു വൈറസ് കണത്തിനു മുന്നിൽ മാനവ രാശി പകച്ചുനിൽക്കുന്ന സാഹചര്യത്തിൽ സമ്പൂർണമായ ദൈവിക സമർപ്പണത്തിലൂടെ ആർജിച്ചെടുക്കുന്ന ആത്മവിശ്വാസവും മാനസിക ബലവും സ്വന്തത്തെ എന്ന പോലെ സമൂഹത്തെയും പരിഗണിച്ച് അവർക്ക് താങ്ങായി നിൽക്കാനുള്ള സന്നദ്ധതയും പ്രധാനമാണ്. റമദാൻ വ്രതാനുഷ്ഠാനം ദൈവത്തിങ്കൽ ഏറ്റവും പ്രതിഫല സിദ്ധമായ ആരാധന എന്നതിനൊപ്പം മനുഷ്യന്റെ ജീവിത, ആരോഗ്യ, മാനസിക ഘടനയെ സംസ്കരിച്ചെടുക്കുന്നതിനുള്ള മഹത്തായ ഉപാധി കൂടിയാണ്. സർവ സമൂഹത്തിനും കാലത്തിനുമായി നിർണയിച്ചിട്ടുള്ള റമദാൻ വ്രതം ഇന്നു ലോകം നേരിടുന്ന കടുത്ത പരീക്ഷണത്തെ അഭിമുഖീകരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്ന അനുഷ്ഠാനമാണ്. സമ്പന്നനും ദരിദ്രനും ഭേദമില്ലാതെ വിശപ്പിന്റെയും ദാഹത്തിന്റെയും കാഠിന്യവും അപരന്റെ ജീവിതാവസ്ഥകളും അനുഭവിച്ചറിയാൻ റമദാൻ പ്രേരണയാകുന്നു. അതുകൊണ്ടു തന്നെ അനുഷ്ഠാന കർമങ്ങളും പ്രാർഥനകളും പോലെ കഷ്ടതയനുഭവിക്കുന്നവരിലേക്ക് ദാനധർമത്തിന്റെ കൈകൾ നീട്ടാനും വിശ്വാസി ബാധ്യസ്ഥനാകുന്നു. വിശ്വാസികൾ പുലർത്തേണ്ട പൊതുവായ അച്ചടക്കത്തിലും വ്രതമനുഷ്ഠിക്കുന്നവന്റെ ആത്മ നിയന്ത്രണത്തിലും സമൂഹത്തിനു മാതൃകകളുണ്ട്. ഒരാളുടെ പ്രവൃത്തി മറ്റൊരാൾക്ക് ദോഷമായി തീരരുത്. ആരുടെയെങ്കിലും അച്ചടക്ക രാഹിത്യവും പെരുമാറ്റ ദൂഷ്യവും തലമുറകൾക്കും സമൂഹത്തിനും ഭാവിയിൽ ഭാരമായിത്തീരാൻ ഇടവരരുത്.
വിശുദ്ധ റമദാൻ ആരാധനാലയങ്ങളെ പ്രാർഥനാ സാന്ദ്രമാക്കുന്ന വ്രതനിഷ്ഠമായ ഒരുപാട് ഒത്തുചേരലുകളുടെ സന്ദർഭമായിരുന്നു. പക്ഷേ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തിനു മുന്നിൽ നമ്മുടെ പരമ്പരാഗത രീതികൾ പലതും തൽക്കാലം മാറ്റിവെക്കാനും ആചാര ശീലങ്ങളിൽ ക്രമീകരണങ്ങൾ വരുത്താനും ഓരോരുത്തരും ബാധ്യസ്ഥമായിരിക്കുന്നു. അതുകൊണ്ടു ഈ വർഷത്തെ റമദാൻ ഓരോ വിശ്വാസിയിലും കൂടുതൽ ഉത്തരവാദിത്തം ഏൽപിക്കുന്നു. ലോകം കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ അധികൃതരും ജനങ്ങളും കൈകോർത്ത് ജാഗ്രതയോടെ പ്രവർത്തിച്ചതിന്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് ആശ്വാസകരമായ അവസ്ഥയുണ്ട്. ആരോഗ്യ, ചികിത്സാ രംഗത്തെ സമർപ്പണ സന്നദ്ധരായ വ്യക്തിത്വങ്ങളും സർക്കാർ സംവിധാനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും സാധാരണക്കാരും സന്നദ്ധ പ്രവർത്തകരുമെല്ലാം കൈകോർത്ത് നിന്നതിന്റെ നേട്ടമാണിത്. പരമ ദരിദ്രരായവർ പോലും ജോലിയും വരുമാന മാർഗങ്ങളുമെല്ലാം ഉപേക്ഷിച്ചും പൊതുഇടങ്ങൾ അടച്ചിട്ടും ഗതാഗതം ഒഴിവാക്കിയും മറ്റും നമ്മുടെ സംസ്ഥാനം ആർജിച്ചെടുത്തിട്ടുള്ള ഈ അനുകൂല സാഹചര്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരു മാസക്കാലമായി ആരാധനാലയങ്ങളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ ലോക്ക് ഡൗൺ കാല കർശന നിയന്ത്രണം രോഗ വ്യാപനത്തെ പ്രതിരോധിക്കാൻ റമദാനിലും തുടരേണ്ടതുണ്ട്.
സർക്കാറിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധ യജ്ഞത്തിനു എല്ലാവരും ശക്തമായ പിന്തുണ നൽകണം. ആരാധനാനുബന്ധമായി സാമൂഹിക ഒത്തുചേരലുകൾ ഏറെയുള്ള റമദാനിലും തറാവീഹ് ഉൾപ്പെടെയുള്ള എല്ലാ സംഘടിത നമസ്കാരങ്ങളും അവരവരുടെ വീടുകളിൽ വെച്ചു മാത്രം നിർവഹിക്കേണ്ടതാണ്. ഇക്കാര്യത്തിൽ മഹല്ല് കമ്മിറ്റികളും ഖത്തീബ് ഇമാം ചുമതല വഹിക്കുന്നവരും ജാഗ്രത പുലർത്തണം. ആരുടെയും അശ്രദ്ധ കൊണ്ട് നാട് വലിയ വില കൊടുക്കേണ്ടിവരുന്ന സന്ദർഭം സംജാതമാകരുത്. കുട്ടികളുടെ പഠനവും പരീക്ഷകളുമെല്ലാം അപൂർണമായി കിടക്കുകയാണ്. വിശുദ്ധ റമദാനിൽ അവരവരുടെ വീടുകളെ ആരാധനാലയങ്ങളും പാഠശാലകളുമാക്കിക്കൊണ്ട് പ്രാർഥനയും പഠനവുമെല്ലാമായി ജീവിതം ചിട്ടപ്പെടുത്തുക. വിശുദ്ധ ഖുർആനും പ്രവാചക ചര്യയും പൊതുവിജ്ഞാനവും ആർജിച്ചെടുക്കുന്നതിന് വേണ്ടി കുടുംബത്തെ സജ്ജമാക്കുക. കുടുംബത്തിൽ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താനും ഈ സന്ദർഭം പ്രയോജനപ്പെടുത്തണം. ജോലിയും വരുമാന മാർഗവുമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചുനൽകണം. സാമൂഹികമായ അകലം പാലിക്കുമ്പോഴും മാനസികമായ അടുപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. പ്രവാസികളുടെ ഉദാര സംഭവാനകൾ താങ്ങായിരുന്ന നമ്മുടെ നാട്ടിൽ അവരും കുടുംബങ്ങളുമെല്ലാം പ്രതിസന്ധിയിലാണ്. എല്ലാ പ്രതിസന്ധികളുമകന്ന് ലോകം ആരോഗ്യപൂർണമാകാൻ പ്രാർഥിക്കണം. സഹായം ആവശ്യപ്പെടുന്ന ആരിലേക്കും കാരുണ്യ ഹസ്തങ്ങൾ നീട്ടാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പരിശുദ്ധ റമദാന്റെ ഉന്നതമായ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ആത്മസംസ്കരണം സാധിച്ചെടുക്കുക. സമൂഹത്തിൽ നന്മയുടെയും സാഹോദര്യത്തിന്റെയും വെളിച്ചം പരത്തുകയും ആരോഗ്യപൂർണമായ അന്തരീക്ഷം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിന് വേണ്ടി ഈ പരിശുദ്ധ റമദാനിലെ പ്രാർഥന#ാ സാന്ദ്രമായ, ഭക്തിപൂർണമായ രാപ്പകലുകൾ പ്രയോജനപ്പെടണം.