കൊച്ചി- സംഘ്പരിവാറിന്റെ ശത്രുവായിരിക്കുക എന്നത് ബാഡ്ജ് ഓഫ് ഓണറാണെന്ന് മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ. മനോരമ ചാനലില്‍ തനിക്കെതിരെ ബി.ജെ.പി നേതാവ് ജെ.ആര് പദ്മകുമാര്‍ ഉന്നയിച്ച ആരോപണത്തിന് ഫെയ്സ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു അവര്‍. ഷാഹിന നഫീസ എന്ന പേരാണ് പദ്മകുമാറിന് അസ്വസ്ഥതയുണ്ടാക്കുന്നതെന്നും ഷാഹിന വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഇന്നലെ മനോരമ ചാനലിൽ ബി ജെ പി യുടെ ജെ ആർ പദ്മകുമാർ പങ്കെടുത്ത ചർച്ചയിൽ അദ്ദേഹം എന്നെ കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു . ഗൗരി ലങ്കേഷ് തന്നെ വിഷയം .അദ്ദേഹം ചർച്ച തുടങ്ങുന്നത് തന്നെ എനിക്കെതിരായ ആക്രമണം അഴിച്ചു വിട്ടുകൊണ്ടാണ് . മാധ്യമപ്രവർത്തകർക്ക് അജണ്ടയുണ്ടത്രേ .അതിന് അദ്ദേഹം ഉദാഹരിക്കുന്നത് എന്നെയാണ് .പക്ഷേ പറയുന്നത് പച്ചകള്ളമാണെന്ന് മാത്രം . മാധ്യമ പ്രവർത്തകരുടെ സംഘ് വിരുദ്ധ അജണ്ടയെക്കുറിച്ചു പദ്മകുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ് .
".....ഉദാഹരണത്തിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തക ,ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായിരുന്ന ഷാഹിന നഫീസ ,അവർ ഇട്ടിരിക്കുന്ന പോസ്റ്റ് നോക്കൂ , വളരെ മോശമായ ഭാഷയിൽ ,ഒരു പരിഷ്കൃത സമൂഹത്തിനു ചേരാത്ത രീതിയിലാണ് ആ പോസ്റ്റ് ,ഇത് നിങ്ങൾ മാധ്യമപ്രവർത്തകർ അംഗീകരിക്കുന്നുണ്ടോ ..."? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിലവിളി .വേണമെങ്കിൽ ഫോണെടുത്തു പദ്മകുമാറിനെ വിളിച്ചു എനിക്ക് ചോദിക്കാം ഏതു പോസ്റ്റിനെ കുറിച്ചാണ് ഈ പറയുന്നത് എന്ന് . പക്ഷേ അയാൾ ആക്ഷേപമുന്നയിച്ചത് പരസ്യവേദിയിലായതിനാൽ മറുപടിയും പരസ്യമായി തന്നെ മതി .
മിസ്റ്റർ പദ്മകുമാർ , പരിഷ്കൃത സമൂഹത്തെക്കുറിച്ചൊക്കെ വലിയ ഉൽക്കണ്ഠയുള്ള ആളാണ് താങ്കളും താങ്കളുടെ പാർട്ടിയും എന്നറിഞ്ഞതിൽ സന്തോഷം . പക്ഷേ ഞാനിട്ടു എന്ന് താങ്കൾ പറയുന്ന ആ പോസ്റ്റ് ഏതാണെന്നു വ്യക്തമാക്കാനുള്ള ഒരു ബാധ്യത കൂടി താങ്കൾക്കുണ്ട് . പച്ചക്കള്ളങ്ങൾ ചമക്കുകയും പിന്നീട് അത് പ്രചരിപ്പിക്കുകയും ക്രമേണ അത് സത്യമാണെന്ന തോന്നൽ പൊതു സമൂഹത്തിലുളവാക്കുകയും ചെയ്യുന്ന ഗീബൽസിയൻ രീതിയാണ് താങ്കളും താങ്കളുടെ സംഘടനയും കാലാകാലങ്ങളായി പിന്തുടരുന്നതെന്ന് അറിയാഞ്ഞിട്ടല്ല ചോദിക്കുന്നത് . ചോദിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ എന്ന് കരുതി ചോദിച്ചു എന്ന് മാത്രം . സംഘപരിവാറിനെ വിമർശിക്കാൻ 'പരിഷ്കൃത സമൂഹത്തിന് ' ബോധ്യപ്പെടുന്ന നിരവധി കാരണങ്ങൾ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത ഒരു പോസ്റ്റ് ഇടേണ്ട ആവശ്യം എന്താണ് ? ചാനലുകളിൽ വന്നിരുന്ന് ഇത്തരത്തിൽ പച്ചക്കള്ളങ്ങൾ വിളിച്ചു പറഞ്ഞു എത്രനാൾ കാലം കഴിക്കാമെന്നാണ് താങ്കൾ കരുതുന്നത് ?
എന്തായാലും താങ്കൾ പറഞ്ഞ രീതിയിലുള്ള ഒരു പോസ്റ്റ് ഇടാൻ കഴിയാതെ പോയതിലാണ് എനിക്കിപ്പോൾ ഖേദം .ഗൗരി ലങ്കേഷിന്റെ അരുംകൊല എനിക്കുണ്ടാക്കിയ വ്യക്തിപരമായ ആഘാതത്തിൽ നിന്ന് ഇത് വരെയും പുറത്തു കടക്കാൻ കഴിയാത്തതു കൊണ്ടാണ് അതിനു പറ്റാതിരുന്നത് . സംഘ് പരിവാറിനെതിരെ സംസാരിക്കുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് പറയുമ്പോൾ താങ്കളുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് എന്റേതാണ് എന്നറിയുന്നതിൽ അഭിമാനമുണ്ട് . താങ്കളുടെ നേതാവ് നരേന്ദ്രമോദിയെ വേദിയിലിരുത്തി ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ രാജ് കമൽഝാ പറഞ്ഞത് ഞാൻ ഒന്നോർമിപ്പിക്കട്ടെ (നിങ്ങളൊന്നും ഒരിക്കലും അത് മറക്കാനിടയില്ലെന്നറിയാം , എങ്കിലും ). സംഘ് പരിവാറിന്റെ ശത്രുവായിരിക്കുക എന്നത് ഒരു ബാഡ്ജ് ഓഫ്ഓണർ ആണ് . എനിക്കും അത് അങ്ങനെ തന്നെയാണ് . താങ്കൾ എനിക്കെതിരെ ഉന്നയിച്ച വിമർശനം ഞാൻ ബാഡ്ജ് ഓഫ് ഓണർ ആയി തന്നെ എടുക്കുന്നു . എന്നേക്കാൾ ശക്തമായി സംഘ്പരിവാർ വിമർശനം ഉയർത്തുന്ന ധാരാളം പേർ കേരളത്തിലുണ്ടെങ്കിലും ഷാഹിന നഫീസ എന്ന പേര് മാത്രം താങ്കൾക്കിത്രയേറെ അസഹിഷ്ണുത ഉണ്ടാക്കുന്നതെന്തു കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവും . എല്ലാവർക്കും മനസ്സിലാവും
ഈ ഗീബൽസിയൻ തന്ത്രങ്ങൾ പയറ്റുന്നതിന്റെ പിറകിൽ താങ്കൾക്ക് മറ്റു അജണ്ടകൾ ഉണ്ടാവും എന്നും ഞാൻ കരുതുന്നു . അവസാനിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവർക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിച്ചു ,ഹേറ്റ് ക്യാംപയിൻ നടത്തി അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണല്ലോ നിങ്ങളുടെ രീതി . നിങ്ങൾ കൊന്നു തള്ളിയവരുടെയൊക്കെ കാര്യത്തിൽ അത് തന്നെയാണല്ലോ നിങ്ങൾ ചെയ്തിട്ടുള്ളത് .
പക്ഷേ മിസ്റ്റർ പദ്മകുമാർ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് വഴി ,നിങ്ങൾക്കെതിരെ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി . സംസാരിച്ചു കൊണ്ടേയിരിക്കും . നിങ്ങൾ പറഞ്ഞത് പോലെ ,' അതിരൂക്ഷമായ' ഭാഷയിൽ തന്നെ . വാക്കുകളും ആശയങ്ങളുമാണ് നിങ്ങളെയൊക്കെ ഏറ്റവും വിറളി പിടിപ്പിക്കുന്നത് എന്നറിയാം . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് . അവർ ഇത് വരെ ,കന്നഡയിലെഴുതുകയും കർണാടകത്തിൽ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നുവെങ്കിൽ ഇപ്പോൾ അവർ രാജ്യം മുഴുവൻ പടർന്നു പിടിച്ച ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു . ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും ഗൗരി ലങ്കേഷ് ഇപ്പോൾ എഴുതി കൊണ്ടിരിക്കുകയാണ് . ഇന്ത്യയിലെ തെരുവുകളിൽ മുഴുവൻ അവരുടെ ശബ്ദം മുഴങ്ങുകയാണ് . മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നില്ലേ മിസ്റ്റർ പദ്മകുമാർ ? ഇല്ലെങ്കിൽ താമസിയാതെ താങ്കൾക്ക് അത് ബോധ്യപ്പെടും .
നന്ദിയുണ്ട് മിസ്റ്റർ പദ്മകുമാർ , ഒരു പ്രിയസുഹൃത്തിന്റെ ,സഖാവിന്റെ രക്തസാക്തിത്വം ഉണ്ടാക്കിയ നടുക്കത്തിൽ ,വേദനയിൽ മരവിച്ചു പോയ എന്നെ ആ മരവിപ്പിൽ നിന്നും ഉണർത്തിയതിന് . ഗൗരി ലങ്കേഷിനെ കുറിച്ച് എഴുതാമോയെന്നു പല സുഹൃത്തുക്കളും ചോദിച്ചെങ്കിലും ഒന്നിനും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ . ഇപ്പോൾ ഇത്രയുമെങ്കിലും എഴുതാൻ എന്നെ പ്രാപ്തയാക്കിയത് താങ്കളാണ് . നന്ദി