ന്യൂയോര്‍ക്ക്- അമേരിക്കയില്‍ രണ്ട് പൂച്ചകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ വളർത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തെളിവില്ലെന്നും അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന് ഡോ. ഫൗച്ചി പറഞ്ഞു.
ന്യൂയോർക്ക് സംസ്ഥാനത്ത് വളര്‍ത്തു മൃഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. പൂച്ചകള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ചെറിയ രീതിയില്‍ മാത്രമേ കാണിക്കുന്നുള്ളുവെന്നും ഇവ ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്ന് കരുതുന്നതായും കാര്‍ഷിക വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
പൂച്ചകളില്‍ ഒന്നിന്റെ ഉടമയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പൂച്ചയുടെ വീട്ടില്‍ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. കോവിഡിന്റെ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും മറ്റുമാകാം ഈ പൂച്ചയ്ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. വീട്ടിലുള്ള മറ്റൊരു പൂച്ച രോഗം ലക്ഷണം കാണിക്കുന്നില്ല.
അതേസമയം, അമേരിക്കയിൽ കടുവകൾക്കും സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ നാലു കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കുമാണ് കോവിഡ് ബാധിച്ചത്.
മൃഗശാലയിലെ ജീവനക്കാരിൽനിന്ന് രോഗം പകർന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഏപ്രിൽ ആദ്യം മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം കണ്ടെത്തിയിരുന്നു.