മുംബൈ-റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ കൈയേറ്റം. ബുധനാഴ്ച അർധ രാത്രി കഴിഞ്ഞാണ് അർണബിനെയും ഭാര്യയെയും ബൈക്കിലെത്തിയ അജ്ഞാതസംഘം ആക്രമിച്ചതെന്ന് റിപ്പബ്ലിക് ടി.വി റിപ്പോർട്ട് ചെയ്തു. ചാനൽ ചർച്ചക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അർണബും ഭാര്യയും.
താൻ സഞ്ചരിച്ച കാറിന്റെ ചില്ല് തകർക്കാന്‍ അക്രമികൾ ശ്രമിച്ചുവെന്നും പിന്നീട് അക്രമികൾ കാറിന് മുകളിൽ കരി ഓയിൽ ഒഴിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സോണിയ ഗാന്ധിയും വാദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അർണബ് പിന്നീട് ആരോപിച്ചു. സോണിയയെയും കുടുംബത്തെയും കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയാണ് അവരെ പ്രകോപിപ്പിച്ചെതന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ടില്‍ പറയുന്നു.
ചാനൽ ഷോയ്ക്കിടെ മതവിദ്വേഷം പ്രചരിപ്പിക്കുകയും സോണിയ ഗാന്ധിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്തതിന് അർണബ് ഗോസാമിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. മഹരാഷ്ട്രയിലെ പാൽഘർ ആൾക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് സോണിയ മൗനം പാലിച്ചുവെന്ന് ആരോപിച്ച അർണബ് സോണിയ ഗാന്ധിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയിരുന്നു.
സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്നും ഇറ്റലിയോടാണ് അവരുടെ കടപ്പാടെന്നുമുള്ള രീതിയിൽ പരാമർശം നടത്തിയ അദ്ദേഹംസന്യാസിമാർക്കു പകരം ക്രൈസ്തവ വൈദികരാണു കൊല്ലപ്പെട്ടിരുന്നതെങ്കിൽ നിശബ്ദയാകുമായിരുന്നോ എന്നും ചാനൽ ചർച്ചക്കിടെ ചോദിച്ചിരുന്നു.
പാല്‍ഘറില്‍ രണ്ട് സന്യാസിമാരും അവരുടെ ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് വർഗീയ നിറം നല്കാന് സംഘ് പരിവാറും റിപ്പബ്ലിക് ടി.വിയടക്കം ഒരു വിഭാഗം മാധ്യമങ്ങളും ശ്രമം നടത്തി വരികയാണ്. എന്നാല്‍ സംഭവം വർഗീയമല്ലെന്നും അറസ്റ്റ് ചെയ്ത് പ്രതികളില്‍ മുസ്ലിംകളില്ലെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും പോലീസും വ്യക്തമാക്കിയിരുന്നു.