ഇസ്താംബൂള്‍- നിക്കര്‍ ധരിച്ചതിന് നഴ്‌സായ യുവതിയെ ബസില്‍വെച്ച് ആക്രമിച്ച കേസില്‍ തുര്‍ക്കി കോടതി യുവാവിനെ നാലു വര്‍ഷത്തേക്ക് ജയിലിലടച്ചു. ബസില്‍ യുവതി ആക്രമിക്കപ്പെട്ട വിഡിയോ പ്രചരിച്ചതോടെ സംഭവം വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.
ഷോര്‍ട്‌സ് ധരിക്കുന്നവര്‍ മരിക്കണമെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു യുവാവിന്റെ അതിക്രമം.
വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ സുരക്ഷാ കാവല്‍ക്കരാനായ അബ്ദുല്ല സാക്കിറോഗ്ലുവിന് മൂന്ന് വര്‍ഷവും 10 മാസവും തടവ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. തനിക്ക് ജീവിക്കാന്‍ അവകാശമില്ലെന്നാണ് മുഖത്തടിക്കുന്നതിനു മുമ്പ് അക്രമി ആക്രോശിച്ചതെന്ന് 24 കാരിയായ ആയിഷെഗുല്‍ തെര്‍സി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മനോരോഗത്തിനു നേരത്തെ ചികിത്സ തേടിയ തനിക്ക് നിയന്ത്രണം വിട്ടുപോയതാണെന്നാണ് പ്രതി ആ സമയത്ത് പോലീസിനോട് പറഞ്ഞിരുന്നത്.
സംഭവം വിവാദമായതോടെ എന്റെ ഷോര്‍ട്‌സില്‍ തൊടരുത് എന്ന മുദ്രാവാക്യത്തോടെയായിരുന്നു തുര്‍ക്കിയില്‍ പ്രതിഷേധം.
മതേതര രാജ്യമായ തുര്‍ക്കിയെ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇസ്്‌ലാമീകരിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വനിതകള്‍ ശിരോവസ്ത്രം ധരിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഉര്‍ദുഗാന്‍ എടുത്തുകളഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം.