ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ മരണ സംഖ്യ നേര്‍ പകുതിയാക്കി ദല്‍ഹി പോലീസ്.
കലാപത്തില്‍ 23 പേര്‍ മാത്രമാണ് മരിച്ചതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക്കിന്റെ അന്വേഷണത്തിന് ദല്‍ഹി പോലീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഡോ. ജോയ ട്രക്കെ മറുപടി നല്‍കി.
വര്‍ഗീയ സംഘര്‍ഷത്തില്‍ 52 പേര്‍ മരിച്ചുവെന്നാണ് ദല്‍ഹി പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് മാര്‍ച്ച് 18ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി രാജ്യസഭയെ അറിയിച്ചിരുന്നത്. ഇതേ മരണസംഖ്യതന്നെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതും.
കലാപവുമായി ബന്ധപ്പെട്ട് 3304 പേരെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തുവെന്നാണ് മന്ത്രി അറയിച്ചിരുന്നതൈങ്കില്‍ 48 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിരിക്കുന്നത്.