തിരുവനന്തപുരം-കോവിഡ് 19 മഹാമാരി മൂലം ഗൾഫിലെ പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തിൽ അവരെ തിരികെ കൊണ്ടുവരാൻ മെയ് മൂന്ന് വരെ കാത്തിരിക്കാതെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തു നൽകി.
ഗൾഫിൽ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങൾ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള നടപടി പോലും ഇന്ത്യ സ്വീകരിച്ചില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ഗർഭിണികൾ അടക്കം ഉള്ള സ്ത്രീകൾ, മുതിർന്ന പൗരന്മാർ, വിസിറ്റിംഗ് വിസയിൽ ഗൾഫിലും മാലദ്വീപിലും കുടുങ്ങിയവർ എന്നിവർക്ക് മുൻഗണന നല്കണം. തുടർന്ന് ബാക്കിയുള്ളവർക്കും മറ്റു രാജ്യങ്ങളിലുള്ളവർക്കും വരാൻ അവസരം ഉണ്ടാകണം. മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങൾക്കു സമീപം ക്വാറന്റീൻ ക്യാമ്പുകൾ സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുണ്ട്. ഗൾഫിലെ പ്രവാസികൾ വളരെ ഗുരുതമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ലേബർ ക്യാമ്പുകളിൽ ഇരുപതും മുപ്പതും അമ്പതും പേരൊക്കെ ഒന്നിച്ചാണു കഴിയുന്നത്. ഒരാൾക്ക് രോഗംപിടിച്ചാൽ അതു മറ്റുള്ള എല്ലാവരിലും വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ എംബസിക്ക് അടിയന്തരം നിർദേശം നല്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ നിയന്ത്രണം മൂലമോ, വിമാനങ്ങൾ റദ്ദാക്കുന്നതു മൂലമോ യാത്ര മുടങ്ങുന്നവർക്ക് മുഴുവൻ തുകയും തിരികെ നല്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
മാർച്ച് 24ന് ലോക്കൗട്ട് പ്രഖ്യാപിച്ച ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകൾക്കേ ഇതു ബാധകമാകൂ എന്നാണ് വിമാനകമ്പനികളുടെ നിലപാട്. ലോക്കൗട്ട് പ്രഖ്യാപിച്ച ശേഷം ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തതിനാൽ ഒരാൾക്കുപോലും പ്രയോജനം കിട്ടില്ല. പ്രധാനമന്ത്രിയുടെ തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.