Sorry, you need to enable JavaScript to visit this website.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ 7 വര്‍ഷം വരെ തടവ്; 5 ലക്ഷം വരെ പിഴ

ന്യൂദല്‍ഹി- ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അക്രമം തടയാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍. പകര്‍ച്ചവ്യാധി നിയമഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ശിക്ഷയ്ക്കും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.കോവിഡ് മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ക്കു നേരെയുള്ള ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതിന്റെ ഭാഗമായി ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാഷ്ട്രപതി അനുമതി നല്‍കിയതിനു ശേഷം നടപ്പാക്കുകയും ചെയ്യും മന്ത്രി വ്യക്തമാക്കി.
1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തിയാല്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍പെടുത്തി കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികള്‍ക്കും ഇത് ബാധകമായിരിക്കും.
 

Latest News