ലഖ്‌നൗ-യു.പി മുസഫര്‍ നഗറിന് സമീപമുള്ള കാക്‌റൌളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്
സംഭവം. ഇഷ്ടികകളത്തിലെ തൊഴിലാളിയായ വാജിദാണ് മകളെ കൊന്നത്. ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന് കുട്ടിയെ നരബലി നല്‍കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ അമ്മ രഹന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാജിദ്, വാജിദിന്റെ സുഹൃത്തും ദുര്‍മന്ത്രവാദിയുമായ ഇര്‍ഫാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുഞ്ഞുള്‍പ്പടെ അഞ്ച് കുട്ടികളുടെ പിതാവാണ് മുപ്പതുകാരനായ വാജിദ്. ഇഷ്ടികകളത്തില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന ഇര്‍ഫാന്റെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്നാണ് വാജിദ് ആദ്യം പോലീസിനു മൊഴി നല്‍കിയിരുന്നത്. കുടുംബത്തില്‍ സമാധാനവുംഐശ്വര്യവുമുണ്ടാകാന്‍ മകളെ ബലി നല്‍കണമെന്നാണ് ഇര്‍ഫാന്‍ നിര്‍ദേശിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍, പിന്നീട് ഇയാള്‍ മൊഴി മാറ്റുകയായിരുന്നു. വീട്ടില്‍ പൂജ നടത്താനായിരുന്നു ഇര്‍ഫാന്റെ നിര്‍ദേശമെന്നും പഴയ കാമുകിയെ ഓര്‍മിപ്പിക്കുന്നതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. ഞായറാഴ്ച രാത്രിയോടെ രണ്ട് വയസുള്ള മകളെ കഴുത്ത് ഞെരിച്ചുകൊന്ന വാജിദ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. ഇതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സമീപമുള്ള വയലില്‍ കുഴിച്ചിട്ടു. രഹനയുടെ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ശേഷം, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. .