Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് ഇന്ത്യക്കാരെ കൊണ്ടുപോകാന്‍ തടസ്സമില്ല; കോവിഡ് മുക്തമായാല്‍ തിരികെ വരാം

റിയാദ്- സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ രാജ്യം അനുവദിക്കുകയാണെങ്കില്‍ നാട്ടില്‍ പോകുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ കോവിഡ് മുക്തമായെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ തിരിച്ചുവരാനാകൂവെന്നും സൗദി ജവാസാത്ത് വ്യക്തമാക്കി.

രാജ്യം കോവിഡ് മുക്തമായെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുന്നതോടെ കാലാവധിയുള്ള റീ എന്‍ട്രിക്കാര്‍ക്ക് മടങ്ങിവരാം. പൗരന്മാരെ കൊണ്ടുപോകാന്‍ തയ്യാറായാല്‍ ഒരു രാജ്യത്തേയും സൗദി അറേബ്യ തടയില്ല. റീ എന്‍ട്രിയിലും എക്‌സിറ്റിലുമുള്ളവര്‍ക്ക് യാത്രാസൗകര്യങ്ങള്‍ ലഭ്യമായാല്‍ പോകാമെന്നും ജവാസാത്ത് അറിയിച്ചു.

അതേസമയം ഫിലിപ്പൈന്‍സിലേക്ക് ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

നാട്ടില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൊഴിലുടമ വഴി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിമാനം ലഭ്യമാകുന്ന സമയത്ത് പോകുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് സൗദി മാനവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഫിലിപ്പൈന്‍സുകാരാണ് ജിദ്ദ വിമാനത്താവളം വഴി മനിലയിലേക്ക് പോയത്.

മെയ് ആദ്യവാരത്തില്‍ ഇന്ത്യയിലേക്ക് വണ്‍വെ വിമാന സര്‍വീസിന് സാധ്യതയുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചായിരിക്കും ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുക.

എന്നാല്‍ സൗദിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഇതുവരെ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, ജയില്‍ മോചിതര്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ പെട്ട ആളുകള്‍ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയിലേക്ക് വിളിക്കുന്നുണ്ടെന്നും വിവരങ്ങള്‍ ഇന്ത്യയിലേക്ക് കൈമാറുന്നുണ്ടെന്നും നേരത്തെ അംബാസഡര്‍ അറിയിച്ചിരുന്നു.

നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ 36 ആഴ്ച കഴിഞ്ഞ ഗര്‍ഭിണികള്‍ക്ക് വിമാനങ്ങളില്‍ യാത്ര അനുവദിക്കില്ലെന്നും അവര്‍ക്ക് എംബസിയുടെ സഹായത്തോടെ അതത് പ്രവിശ്യകളില്‍ ഹോസ്പിറ്റലുകളില്‍ സൗകര്യമൊരുക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

സൗദിയിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിനും നിയന്ത്രണമുണ്ട്. നാട്ടില്‍ നിന്ന് സ്ഥിരമായി മരുന്ന് എത്തിക്കുന്നവര്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് അതേ മരുന്നോ അല്ലെങ്കില്‍ മറ്റു കമ്പനി മരുന്നുകളോ ഇവിടെ നിന്ന് സംഘടിപ്പിക്കണം. ഒരു മാസത്തിലധികം ഉപയോഗിക്കാനുള്ള മരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കൊണ്ടുവരാനാവില്ല.

കൊണ്ടുവരികയാണെങ്കില്‍ തന്നെ സൗദി ഡ്രഗ് അതോറിറ്റിയുടെയും കസ്റ്റംസിന്റെയും അനുമതി വേണം. കണ്‍ട്രോള്‍ഡ് ഡ്രഗ്‌സ് ഇനത്തില്‍ പെട്ട മരുന്നുകള്‍ കൊണ്ടുവരാനാവുമാവില്ല. ചില കോമ്പിനേഷനുകള്‍ ഒഴികെ എല്ലാ തരം മരുന്നുകളും ഇവിടെ ലഭ്യമാണെന്നും ഇന്ത്യന്‍ എംബസി ആരോഗ്യമന്ത്രാലവുമായി സഹകരിച്ച് ഇതിന് ആവശ്യമായ നീക്കങ്ങള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

 

Tags

Latest News