Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ബാലക്രിക്കറ്റ് താരം ശ്രീലങ്കയില്‍ ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു

കൊളംബോ- അണ്ടര്‍ 17 ക്ലബ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനായി ശ്രീലങ്കയിലെത്തിയ 13-കാരന്‍ ഇന്ത്യന്‍ താരം നരേന്ദ്ര സോധ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. സോധ മറ്റു ടീമംഗങ്ങളോടൊപ്പം കഴിഞ്ഞിരുന്ന കൊളംബോയ്ക്കടുത്ത വില്ല പാല്‍മ ബീച് റിസോര്‍ട്ടിലാണ് സംഭവം. മൃതദേഹം ഏറ്റുവാങ്ങാനായി സോധയുടെ കുടുംബാംഗങ്ങള്‍ മുംബൈയിലെത്തി. 

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ സോധ ആര്‍എംജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൈത്രി ക്രിക്കറ്റ് കോച്ചിംഗ് അക്കാദമിയിലാണ് കളിയില്‍ പരിശീലനം നടത്തുന്നത്. ഇവരാണ് സോധയെ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് കൊണ്ടു പോയത്. മികച്ച ബാറ്റിംഗ് പാടവം കാണിച്ച സോധയെ രക്ഷിതാക്കള്‍ മുന്‍കൈയെടുത്താണ് അക്കാദമിയില്‍ ചേര്‍ത്തത്. 

സോധയടക്കം 18 ബാലതാരങ്ങളേയാണ് മൈത്രി ക്രിക്കറ്റ് അക്കാദമി ശ്രീലങ്കയിലേക്ക് കൊണ്ടു പോയത്. സെപ്തംബര്‍ മൂന്നിന് തുടങ്ങിയ അണ്ടര്‍ 17 ക്ലബ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സോധ അപകടത്തില്‍പ്പെട്ടത്. ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് മൃതദേഹം മുംബൈയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ കുടുംബ ഏറ്റുവാങ്ങി സൂറത്തില്‍ സംസ്‌കരിക്കും.

Latest News