Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിതനില്‍നിന്ന് ചെക്ക് സ്വീകരിച്ചു; പാക് പ്രധാനമന്ത്രി നിരീക്ഷണത്തില്‍

കൊറോണ ബാധിതനെന്ന് തെളിഞ്ഞ സന്നദ്ധ സേവകനില്‍നിന്ന് ഇമ്രാന്‍ ഖാന്‍ ചെക്ക് സ്വീകരിക്കുന്നു

ഇസ്‌ലാമാബാദ്-  തന്റെ ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയ വ്യക്തിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിരീക്ഷണത്തില്‍. സ്വയം ക്വാറന്റൈനില്‍ കഴിയുന്ന പ്രധാനമന്ത്രിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, ക്വാറന്റൈനിലിരുന്ന് ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ജോലികള്‍ അദ്ദേഹം തുടരുമോ എന്ന് വ്യക്തമല്ല. 

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ഒരു സന്നദ്ധസംഘടന തലവനില്‍നിന് ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് സ്വീകരിച്ചതാണ് ഇമ്രാന്‍ ഖാന് വിനയായത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയില്‍നിന്ന് ഏപ്രിൽ 15നാണ് ഇമ്രാൻ ഖാൻ ചെക്ക് സ്വീകരിക്കുന്നത്. ഇസ്‌ലാമാബാദിൽ ഇദ്ദേഹവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രത്തില്‍ ഇമ്രാന്‍ ഖാനും ഫൈസൽ ഈദിയും സുരക്ഷാ വസ്ത്രമോ, മാസ്കോ ധരിക്കാതെയാണ് പ്രത്യക്ഷപ്പെടുന്നത്. 

ചാരിറ്റി ഇവന്റിന് ശേഷമുള്ള ദിവസങ്ങളിൽ ഖാൻ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കുകയും രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലും നിരീക്ഷണത്തിലുണ്ടോ എന്ന് വ്യക്തമല്ല.

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും  രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കുന്നതും ഈദി ഫൗണ്ടേഷനാണ്. സന്നദ്ധ സേവനത്തിനിടെ കോവിഡ് പകര്‍ന്ന ഫൗണ്ടേഷനിലെ ഏതെങ്കിലും അംഗങ്ങളില്‍നിന്ന് ആവാം ചെയര്‍മാനും രോഗം ബാധിച്ചതെന്ന് കരുതുന്നു.

Latest News