താനെ- മഹാരാഷ്ട്രയില്‍ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറുടെ കുടുംബത്തെ വീട്ടില്‍ താമസിക്കാന്‍ സമീപവാസികള്‍ സമ്മതിക്കുന്നില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ താനെ യൂണിറ്റ്. ഡോക്ടറുടെ ഭാര്യയെയും പെൺമക്കളെയും ഫ്ലാറ്റിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മറ്റ് അന്തേവാസികളും ജീവനക്കാരുമാണ് നിലപാട് എടുത്തത്.
വർത്തക് നഗറിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ക്ക് രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ പരിശോധനയില്‍ ഇവര്‍ക്ക് ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറ്ന്റൈന്‍ നിര്‍ദ്ദേശിച്ചു. വിസ്താരമേറിയ മുറികളുള്ളതിനാലാണ് താമസിക്കുന്ന ഫ്ലാറ്റില്‍ ഐസൊലേഷനിലിരിക്കാന്‍ തീരുമാനിച്ചതെന്ന് കുടുംബം പറയുന്നു.
കോവിഡ് 19നെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ച രാജ്യത്തെ ആദ്യ ഡോക്ടര്‍മാരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് ഐഎംഎ താനെ ഘടകം പ്രസിഡന്റ് ഡോ. ദിങ്കർ ദേശായി പറഞ്ഞു. കൊറോണ വൈറസ് ബാധയെ നേരിടാൻ മുൻനിരയിലുള്ള ഡോക്ടർമാരെ സമൂഹം മാനിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.