Sorry, you need to enable JavaScript to visit this website.

സാമൂഹിക അകലം ചൈനയില്‍ ഇനി പഴങ്കഥ; ഫാക്ടറി പുനരാരംഭിച്ചത് ചുംബന മത്സരത്തോടെ

ബീജിംഗ്- കോറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന രോഗമുക്തമായതോടെ സാമൂഹിക അകലം ഇനി രാജ്യത്ത് പഴങ്കഥ. 
മാസങ്ങളോളം നീണ്ട ലോക്ക്ഡൗണ്‍ കാലത്തിന് വിടപറഞ്ഞ് ജനജീവിതം സാധാരണ നിലയിലായതോടെ വിലക്കുകളുടെ പഴയ കാലം തങ്ങള്‍ മറികടന്നത് ആഘോഷത്തോടെയാണ് ചൈനീസ് ജനത പ്രഖ്യാപിക്കുന്നത്. ഒരു ഫാക്ടറി പുനരാരംഭിക്കുന്നതിനോട് അനുബന്ധിച്ച്നടന്ന മത്സരമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴത്തെ ചര്‍ച്ച. 

സുസോവു നഗരത്തിലെ ഫര്‍ണിച്ചര്‍ കമ്പനി ചുംബന മല്‍സരത്തോടെയാണ് ഫാട്കറിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.   അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ചുംബിക്കുന്നവര്‍ക്കിടയില്‍ ചില്ലുമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫാക്ടറിയുടെ ഉടമയായ മാ പറയുന്നു. ഇവിടെ ജോലി ചെയ്യുന്ന വിവാഹിതരായ ദമ്പതികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 

ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായ സംഭവം നിരവധി വിമര്‍ശനങ്ങള്‍ക്കും വിധേയമായി. പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രോഗം തിരിച്ചുവന്നേക്കാം എന്ന ഭീതിനിലനില്‍ക്കുന്നതിനാല്‍ മത്സരം കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമയി കൈവെടിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ആക്ഷേപമുയരുന്നു.  

അതേസമയം, ലോക്ക്ഡൗണ്‍ കാരണം പിരിമുറുക്കത്തിലായ സഹപ്രവര്‍ത്തകരെ സന്തോഷിപ്പിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കമ്പനി ഉടമയായ മാ പറയുന്നു. "ഈ മഹാമാരി എല്ലാവരേയും വളരെയേറെ പിരിമുറുക്കത്തിലാക്കി. ഇത് ഉൽ‌പാദന പ്രക്രിയയെ ബാധിച്ചേക്കും. അതുകൊണ്ടാണ് എല്ലാവരേയും സന്തോഷിപ്പിക്കാൻ ഞാൻ ചുംബന മത്സരം സംഘടിപ്പിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാൻ ഞങ്ങൾ എല്ലാവർക്കുമിടയിൽ ഗ്ലാസ് മറയിടുകയും മദ്യം ഉപയോഗിച്ച് അവ അണുവിമുക്തമാക്കുകയും ചെയ്തു." മാ വ്യക്തമാക്കി.

Latest News