ന്യൂദല്‍ഹി- രാജ്യത്ത് കോറോണ വൈറസ് ബാധിതരും കോവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നതിനിടെ മറുഭാഗത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ രോഗം ഭേദമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 705 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് 19 രോഗം ഭേദമായവരുടെ എണ്ണം 3252 ആയി. ആകെ കോവിഡ് രോഗികളില്‍ 17.48 ശതമാനം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോവിഡ് മുക്തമാകുന്ന ജില്ലകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് 18,601 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 600 ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.