ന്യൂദല്‍ഹി- ചൈനീസ് നിര്‍മിതമായ കൊറോണ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ക്ക് ഗുണനിലവാരവും കൃത്യതയുമില്ലെന്ന ആരോപണങ്ങളെ തുടര്‍ന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളും തത്കാലത്തേക്ക് പുതിയ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നിര്‍ത്തിവെക്കണമെന്നാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഐസിഎംആര്‍ മേധാവി ആര്‍ ഗംഗഖഡ്കര്‍ അറിയിച്ചത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ 2.5% മാത്രമാണ് കൃത്യതയുള്ള ഫലം നല്‍കുന്നുള്ളൂവെന്നും ശരിയായ പരിശോധനാഫലം ലഭിക്കുന്നില്ലെന്നും ഇന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു. 90% കൃത്യതയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അത് ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജെയ്പൂരിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യാപകമാക്കിയിരുന്നു. എന്നാല്‍ ഇതിന് ഗുണനിലവാരമില്ലെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്നാണ് ഐസിഎംആര്‍ രണ്ട് ദിവസത്തേക്ക് ഈ കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്.സംശയമുള്ള രോഗികളില്‍ എളുപ്പത്തില്‍ കിറ്റുപയോഗിച്ച് രക്തപരിശോധന നടത്തിയാണ് കൊറോണ കണ്ടെത്തുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.