തിരുവനന്തപുരം- സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും പിന്തുണച്ചും പ്രതിപക്ഷത്തെ നേരിടാനുമുറച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിവാദം അനാവശ്യമാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് വിലയിരുത്തി. സർക്കാരിനും മുഖ്യമന്ത്രിയ്ക്കും കോവിഡ് പ്രതിരോധത്തിന് പിന്തുണ നൽകുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അതേസമയം, വിവാദത്തിൽ സർക്കാർ നിലപാട് ഹൈക്കോടതിയിൽ ബോധ്യപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേരള സർക്കാറിനോട് വിശദീകരണം തേടിയിരുന്നു.
സ്പ്രിംഗ്ലർ വിവാദത്തിൽ സംസ്ഥാന സർക്കാറിന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു. മെഡിക്കൽ വിവരങ്ങൾ പ്രാധാന്യമുള്ളതാണെന്നും നിർണായക വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന സർക്കാർ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. കൃത്യമായ മറുപടി നൽകാതെ ഇനി സ്പ്രിംഗ്ലറിന്റെ സെർവറിലേക്ക് ഡാറ്റ കൈമാറരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കോവിഡ് എപിഡെമിക് എന്നത് മാറി ഡാറ്റ എപിഡമിക് ആയി മാറരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അമേരിക്കൻ കോടതിയുടെ അധികാരപരിധിയിലേക്ക് ഇതെന്തുകൊണ്ട് പോയി എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യക്തിസുരക്ഷയെ ബാധിക്കുന്ന ഒന്നും നൽകിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേ എന്നും കോടതി ചോദിച്ചു. സർക്കാറിന്റെ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും എ്ന്നാൽ സ്പ്രിംഗ്ലറിൽ വ്യക്തമായ മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.