Sorry, you need to enable JavaScript to visit this website.

വൈദ്യുതി മേഖലയിൽ കുത്തക വത്കരണം- വെൽഫെയർ പാർട്ടി

തിരുവനന്തപുരം- കോവിഡ് മൂലമുള്ള സാമൂഹ്യ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ തിടുക്കത്തിൽ ദേശീയ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് വൈദ്യുത മേഖലയെ സമ്പൂർണമായി കുത്തകവത്കരിക്കാനാണെന്ന് വെൽഫെയർ പാർട്ടി. ഏപ്രിൽ 17 ന് പ്രസിദ്ധീകരിച്ച കരടിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കാൻ കേവലം 21 ദിവസങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അപകടകരമായ ഭേദഗതികളാണ് കേന്ദ്രം കരട് ബില്ലിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിലുള്ള വൈദ്യുത മേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള എല്ലാ അധികാരങ്ങളും വെട്ടിക്കുറച്ച് ദേശീയ റഗുലേറ്ററി കമ്മീഷന് കീഴിലും ദേശീയ താരിഫിന് കീഴിലും വൈദ്യുത മേഖലയെ കൊണ്ട് വരുന്നത് ഫെഡറൽ സംവിധാനം തകർക്കുന്നതാണ്.

ദൽഹി പോലുള്ള പല സംസ്ഥാനങ്ങളും ഉപഭോക്താക്കൾക്ക് നൽകിവരുന്ന സേവന ഇളവുകൾ ഇല്ലാതാകും. കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ഗാർഹിക മേഖലയിലെ ഉപഭോക്താക്കൾക്ക് നിശ്ചയിച്ച കുറഞ്ഞ താരിഫും ഇല്ലാതാകുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി ബിൽ വൻതോതിൽ വർദ്ധിക്കും. സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ ദുർബലപ്പെടുന്നതോടെ   ഓരോ സംസ്ഥാനവും അവരുടെ സാമൂഹ്യ ജീവിതാവസ്ഥ വെച്ച് അനുവദിക്കുന്ന സബ്‌സിഡിയും ക്രോസ് സബ്‌സിഡിയും  ഇല്ലാതാകുകയും വൈദ്യുതി മേഖല സബ്‌സിഡി രഹിതമായി മാറുകയും ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതാവുകയും ചെയ്യും. ചെറുകിട വ്യവസായ കാർഷിക ഉപഭോക്താക്കളുടെ വൈദ്യുത ചെലവ് താങ്ങാവുന്ന സ്ഥിതിക്കപ്പുറത്തേക്ക് എത്തുമെന്നും ആരോപിച്ചു. 

Latest News