ജോഹന്നാസ്ബർഗ്- കൊറോണ ലോക്ക്ഡൗണിനിടെ കാമുകിയെ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കമിതാക്കള്‍ പോലീസ് പിടിയിലായി. ദക്ഷിണാഫ്രിക്കയിലെ ഗുവാട്ടെങ് പ്രവിശ്യയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ലോക്ക്ഡൗണ്‍ കാരണം കാമുകന്റെ വീട്ടില്‍ കുടുങ്ങിയ യുവതിയെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു രഹസ്യമായി കടത്താനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ യാത്രയ്ക്കിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. പോലീസ് യാത്രയുടെ ഉദ്ദേശ്യം തിരക്കിയപ്പോള്‍ യുവാവ് പരുങ്ങി. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതും നല്‍കാനില്ല. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് സംഘം കാര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിക്കുള്ളില്‍ യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവരേയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 മുതലാണ് ദക്ഷിണാഫ്രിക്ക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ ഇക്കാലയളവില്‍ അനുമതിയുള്ളൂ.