ടൈംസ് ഓഫ് ഇന്ത്യ വാഷിംഗ്ടൺ ലേഖകനും ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവുമായ ചിതാനന്ദ രാജ്ഘട്ട് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സംഗ്രഹം.
ഈ അനുസ്മരണ കുറിപ്പുകളും പ്രശംസകളുമെല്ലാം വായിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവള്‍ ഊറിച്ചിരിക്കുമെന്നുറപ്പ്. പ്രത്യേകിച്ച്, ആത്മാവിനെയും സ്വര്‍ഗ ജീവിതത്തെയും പരാമര്‍ശിക്കുന്നവ വായിക്കുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കും. ഇനി അഥവാ പൊട്ടിച്ചിരിച്ചില്ലെങ്കില്‍ ഒരു അടക്കിപ്പിടിച്ച ചിരിയെങ്കിലും അവള്‍ സമ്മാനിച്ചിട്ടുണ്ടാകും..
യുവത്വത്തിന്റെ ചോരത്തിളപ്പിൽ പോലും കുടുംബാംഗങ്ങൾ ഉൾപ്പെടെ ആരേയും വേദനപ്പിക്കില്ല എന്നതായിരുന്നു ഞങ്ങൾ തമ്മിലുള്ള കരാർ. അവരുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും യോജിക്കാതിരുന്നിട്ടും ഈ നിലപാട് തന്നെയായിരുന്നു ഞങ്ങൾ പിന്തുടർന്നത്. യുവത്വത്തിന്റെ വീണ്ടുവിചാരമില്ലായ്മ എന്നു പറയാം, ഇതിൽ ഞങ്ങൾ എപ്പോഴും വിജയിച്ചില്ല. എന്നാൽ പിൽക്കാലത്ത് ഞങ്ങളെ ഏറെ സഹായിച്ച ഒരു തത്വമായിരുന്നു ഇത്.
അത് എത്രത്തോളം എന്നു പറഞ്ഞാൽ, അഞ്ചു വർഷത്തെ അടുപ്പത്തിനും അഞ്ചു വർഷത്തെ വൈവാഹിക ജീവിതത്തിനും 27 വർഷം മുമ്പുള്ള ഞങ്ങളുടെ വേർപിരിയലിനു ശേഷവും മികച്ച സുഹൃത്തുക്കളായി തന്നെ തുടരാൻ ഇതു ഞങ്ങളെ സഹായിച്ചിട്ടുണ്ട്. പരസ്പരം വേദനിപ്പിക്കാതിരിക്കുക എന്നതായിരുന്നു ആ കരാർ.
യുക്തിവാദി സംഘത്തിന്റെ ജന്മസ്ഥലമായ നാഷണൽ കോളെജിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടത്. ഞങ്ങളുടെ പ്രിൻസിപ്പാൽ ഡോ. എച്ച് നരസിംഹയ്യ, ഡോ. അബ്രഹാം കോവൂർ എന്നിവരായിരുന്നു സംഘത്തിലെ പ്രമുഖർ. ആ കൗമാര കാലം തൊട്ടേ എന്തിനേയും ചോദ്യം ചെയ്യുന്നതിലും ഇന്ത്യയിൽ പെരുകിവന്ന ആൾദൈവങ്ങളുടേയും വ്യാജന്മാരുടേയും അന്ധവിശ്വാസികളുടേയും കാപട്യങ്ങളെ പൊളിക്കുന്നതിലും ഞങ്ങൾ ആനന്ദിച്ചു.
ഞാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞത് ഗൗരിയുടെ വധത്തിന്റെ ഒരു പശ്ചാത്തലം മനസ്സിലാക്കാനാണ്. യുക്തിവാദികളും നാസ്തികരും ഇന്ന് അമിത മതഭ്രാന്തന്മാരുടെ ആക്രമണ ഭീഷണിയിലാണ്.
അവളുടെ ധൈര്യവും ഉത്സാഹവും വിവരണങ്ങൾക്കുമപ്പുറത്തായിരുന്നു. കോളെജ് കാലത്ത് ഞാൻ പുകവലിച്ചിരുന്നത് അവൾ വെറുത്തിരുന്നു. വർഷങ്ങൾക്കു ശേഷം ഈ ശീലം ഞാൻ അവസാനിപ്പിച്ചപ്പോൾ അവൾ വലി തുടങ്ങി. അക്കലാത്ത് ഒരിക്കൽ എന്നെ കാണാൻ അവൾ യു.എസിലെത്തിയതായിരുന്നു. വീട്ടിനുള്ളിൽ പുകവലിക്കരുതെന്ന് ഞാൻ അവളോട് നിർബന്ധം പിടിച്ചു. നിലത്ത് കാർപെറ്റ് വിരിച്ചിട്ടുണ്ട്. അതിൽ ചാരം വീണാൽ പോകില്ല എന്നതായിരുന്നു കാരണം. അതൊരു ശൈത്യകാലമായിരുന്നു. ചൂടേറിയ ഒരു വാക്‌പോരിലാണ് ആ തർക്കം കലാശിച്ചത്. ഒടുവിൽ എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു. എന്നെക്കാളേറെ കാലം താൻ ജീവിക്കുമെന്നായിരുന്നു അന്ന് തർക്കം അവസാനിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞത്. അത് കളവായിപ്പോയി...
ഞങ്ങൾക്കിടയിലെ സൗഹൃദം കണ്ട് പല സുഹൃത്തുക്കളും അമ്പരിന്നിട്ടുണ്ട്. വേർപിരിയലും വിവാഹ മോചനങ്ങളും ഇന്ത്യയിലും പുറത്തുമെല്ലാം പലപ്പോഴും കടുത്തതും പകനിറഞ്ഞതും വലിയ കുഴപ്പങ്ങളുമാണ്. ഞങ്ങളും വിവാഹ മോചിതരായി. പക്ഷെ ആ ഘട്ടം ഉന്നതമായ ആദർശങ്ങൾ കൊണ്ട് വളരെ വേഗത്തിലാണ് ഞങ്ങൾ അതിജീവിച്ചത്.
ഗൗരി ഒരു ഇടതു പക്ഷക്കാരിയായിരുന്നു എന്നതിൽ സംശയമില്ല. പലപ്പോഴും തീവ്ര ഇടതുപക്ഷത്തോട് വരെ അടുത്തു. ഇവിടെയാണ് ഞങ്ങൾക്ക് പരസ്പരം അംഗീകരിക്കാൻ കഴിയാതെ പോയത്. തുടക്ക കാലത്ത് തന്നെ സാങ്കേതികവിദ്യകളെ അനുകൂലിക്കുന്ന ഒരാളായി മാറിയതിന് എനിക്ക് പലപ്പോഴും ശകാരങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. 90കളിൽ ഒരിക്കൽ ഗൗരി എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. 'ഈ സെൽഫോണുകളെ കുറിച്ചിങ്ങനെ പുലമ്പുന്നത് ഒന്നു നിർത്തൂ. നമ്മുടെ നാട്ടിലെ പാവങ്ങൾക്ക് അതു കൊണ്ട് വിശപ്പടക്കാൻ പറ്റില്ല,' അവളുടെ ഹൃദയം ശരിയായ സ്ഥലത്തു തന്നെയായിരുന്നു.
ഇപ്പോൾ, ഇത് എഴുതുന്നതിനിടെ, വീണ്ടുമൊരു വിമാനം പിടിക്കാനുള്ള തിരക്കിനിടെ, എന്റെ മനസ്സിലിപ്പോൾ ചിന്നിച്ചിതറിയ ഓർമ്മകൾ തിളച്ചുമറിയുകയാണ്. എന്റെ ഉള്ളിലിപ്പോൾ ആവർത്തിച്ചു വരുന്നതും അലയടിക്കുന്നതും ഒരോ ഒരു വാചകം മാത്രമാണ്: ആശ്ചര്യപ്പെടുത്തുന്ന ശോഭ. ഇടതുപക്ഷക്കാരി, യുക്തിവാദി, ഹിന്ദുത്വ വിരോധി, മതേതരവാദി തുടങ്ങി എല്ലാ ലേബലുകളും മറക്കാം. എനിക്ക് അവൾ ഇതുമാത്രമാണ്: എന്റെ സുഹൃത്ത്, ആദ്യ പ്രണയിനി, ആശ്ചര്യപ്പെടുത്തുന്ന ശോഭയുടെ മൂർത്തീമത്ഭാവം മാത്രം.