മംഗളൂരു- അനുമതിയില്ലാതെ റാലി നടത്താൻ ശ്രമിച്ചതിന് കർണാടകയിൽ ബി.ജെ.പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ റാലി നടത്താനെത്തിയ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മംഗളൂരുവിൽ ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് റാലി നടത്താൻ എത്തിയതായിരുന്നു ബി.ജെ.പി നേതാക്കൾ. ദക്ഷിണ കന്നട ജില്ലയിൽ പന്ത്രണ്ടോളം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ക്രമസമാധാന പാലനം ഉറപ്പാക്കാൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടു വരെ നെഹ്‌റു മൈതാനത്ത് റാലി നടത്താൻ ബി.ജെ.പി പ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. നഗരത്തിൽ ബൈക്ക് റാലിക്കുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. ബി.ജെ.പി പ്രവർത്തകരെ എസ്.ഡി.പി.ഐ പ്രവർത്തകർ വധിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ഇത്രയും പേരെ വധിച്ചത്. കേസന്വേഷണം സി.ബി.ഐക്കോ മറ്റ് കേന്ദ്ര ഏജൻസികൾക്കോ വിടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.