ഡാറ്റ ഈസ് ദ ന്യൂ ഓയിൽ. ഇത് അറിയാത്തവരല്ല ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന സി.പി.എമ്മും ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായ കേരള മുഖ്യമന്ത്രി പിണറായി വിജയനും. പക്ഷേ സ്പ്രിംഗഌ എന്ന അമേരിക്കൻ കമ്പനിയുടെ പ്രലോഭനത്തിൽ പിണറായി വിജയൻ അതെല്ലാം മറന്നു. ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ച് അനവധി പ്രസ്താവനകളിറക്കിയ സി.പി.എമ്മിന്റെ സമുന്നത നേതാക്കൾ മൗനം പാലിക്കുകയാണ്. ആധാർ കാർഡുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്‌നത്തിൽ പറഞ്ഞ വാക്കുകൾ അതിനേക്കാളും പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങളുടെ കാര്യത്തിലെത്തിയപ്പോൾ അവർ വിഴുങ്ങി. സി.പി.എമ്മിന്റെ കപട മുഖം വീണ്ടും തെളിഞ്ഞു.
കോവിഡ് 19 എന്ന മഹാമാരിയുടെ പേരിലാണ് കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ ഒരു വിദേശ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് എന്നത് മരണ വീട്ടിൽ മോഷണം നടത്തുന്നത് പോലെ നികൃഷ്ടമാണ്. എല്ലാവരും ഒരു നല്ല വളർച്ചയെ ഇഷ്ടപ്പെടുന്നുവെന്ന ശീർഷകത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ പി. സായ്‌നാഥ് എഴുതിയ പുസ്തകമുണ്ട്. കോവിഡ് കാലം ചിലർക്ക് അതു പോലെയാണ്. പുര കത്തുമ്പോൾ വാഴ വെട്ടാൻ സഹായിക്കുന്ന ചില ഉദ്യോഗസ്ഥരും അവർക്കൊപ്പമുണ്ട്. സ്പ്രിംഗഌ ഇടപാടിലെ അഴിമതിയെക്കുറിച്ച് മാത്രമല്ല, അടുക്കള വഴി കയറിയ ഈ സ്ഥാപനത്തിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചും കേരളത്തിലെ ജനങ്ങൾ അറിയുന്നത് ഈ മാസം 10 ന് ഞാൻ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ്. ദിനംപ്രതി മാധ്യമങ്ങളെക്കണ്ട് ഉറുമ്പിന്റെ തീറ്റക്കാര്യം വരെ പറഞ്ഞ് കരുതൽ മനുഷ്യനായി വേഷമിടുന്ന മുഖ്യമന്ത്രി അതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. പിന്നീട് ഐ.ടി വകുപ്പ് അടിമുടി വൈരുധ്യങ്ങൾ നിറഞ്ഞ ഒരു വിശദീകരണക്കുറിപ്പിറക്കി. തൊട്ടടുത്ത ദിവസം മുഖ്യൻ എഴുതിക്കൊണ്ടുവന്ന പ്രസ്താവന വായിച്ചു. മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചതോടെ കരുതൽ മനുഷ്യന് സമനില തെറ്റി.
എല്ലാ നുണകളും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ ഐ.ടി സെക്രട്ടറി കുറ്റസമ്മതവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാം ചെയ്തത് താൻ ആണെന്ന കുറ്റസമ്മതം രാഷ്ട്രീയ യജമാന്മാരെ സംരക്ഷിക്കാനുള്ളതാനെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അദ്ദേഹം സമ്മതിച്ച പിഴവുകൾ ഇതാണ്. കേരളത്തിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരും വീടുകളിൽ കഴിയുന്നവരുമായ ലക്ഷത്തിൽപരം പേരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇവരുമായി കരാർ ഒപ്പിടുന്നതിന് മുമ്പാണ്. സ്പ്രിംഗഌ തട്ടിപ്പ് പ്രതിപക്ഷം പുറത്തു കൊണ്ടുവന്നതിന് ശേഷമാണ് വിഷു ദിനത്തിൽ ഇവരുമായി നോൺഡിസ്‌കോഷർ എഗ്രിമെന്റ് ഒപ്പിടുന്നത്. ഡേറ്റ ഇന്ത്യയിലെ സർവറുകളിലായിരിക്കും സൂക്ഷിക്കുക എന്നത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് വാങ്ങിയത് പ്രതിപക്ഷം ആരോപണം ഉന്നയിച്ച ശേഷമാണ്. രാജ്യാന്തര കരാർ ആയിട്ടും ഇത് നിയമ വകുപ്പിനെ കാണിച്ചിട്ടില്ല. സ്പ്രിംഗഌ കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ്. ഈ കുറ്റസമ്മതം മാത്രം മതി എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ, സാമാന്യ ബുദ്ധിയുള്ള ഒരാൾക്ക്.
എല്ലാത്തിന്റെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് മാമാങ്കത്തിലെ ചാവേറിനെപ്പോലെ വെട്ടിമരിക്കാൻ ചാടിയിറങ്ങിയ ഐ.ടി സെക്രട്ടറി കേരളത്തിലെ ബ്യൂറോക്രസിയുടെ ദയനീയാവസ്ഥയും വെളിവാക്കുന്നു. പൊളിറ്റിക്കൽ എക്‌സിക്യൂട്ടിവിനും സാദാ എക്‌സിക്യൂട്ടീവിനും ജനാധിപത്യത്തിൽ അതിപ്രധാനമായ പങ്കാണുള്ളത്. അത് പരസ്പര പൂരകങ്ങളുമാണ്. അതിനർത്ഥം രാഷ്ട്രീയ യജമാന്മാർ പറയുന്ന എന്തിനും ഏത് കൊള്ളക്കും ഒപ്പു ചാർത്തുകയല്ല ഉദ്യോഗസ്ഥരുടെ ജോലി. തങ്ങളുടെ സ്വകാര്യമായ ചില ഇംഗിതങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെങ്കിൽ അത് നടപ്പിലാക്കും മുമ്പ് റൂൾസ് ഓഫ് ബിസിനസ് എങ്കിലും വായിച്ചുനോക്കണ്ടേ? അത് അറിയാത്തയാളല്ല, പത്തു മുപ്പതു കൊല്ലം സർവീസിലുള്ള ഐ.ടി സെക്രട്ടറി. പക്ഷേ, അമേരിക്കയിലെ ഒരു കമ്പനിയുമായി ഉണ്ടാക്കുന്ന കരാർ നടപടിക്രമം അനുസരിച്ച് നിയമ വകുപ്പിന് വിട്ടാൽ പിന്നെ ഉദ്ദേശിച്ച കച്ചവടം പൂട്ടും. ഡേറ്റ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ടത് കിട്ടില്ല. നുണകളുടെ ചീട്ടുകൊട്ടാരമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പൊളിഞ്ഞുവീണത്. ഈ കമ്പനിയുമായി നോൺ ഡിസ്‌കോഷർ എഗ്രിമെന്റുണ്ടെന്നും ഡേറ്റ ഇന്ത്യയിലെ സർവറുകളിലാണ് സൂക്ഷിക്കുന്നതെന്ന് പർച്ചേസ് ഓർഡറിലുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുമ്പോൾ ഇത്തരം ഒരു നോൺ ഡിസ്‌കോഷർ എഗ്രിമെന്റ് ഇല്ലായിരുന്നു എന്നതാണ് വസ്തുത. പർച്ചേസ് ഓർഡറിൽ ഈ പറഞ്ഞ കാര്യവുമില്ലായിരുന്നു. പ്രതിപക്ഷം വസ്തുതകൾ ഒന്നൊന്നായി പുറത്തു കൊണ്ടുവന്നപ്പോൾ അണിയറയിലെ ഉപജാപകർ തിരക്കഥ തയാറാക്കിയിരുന്നു. പക്ഷേ അങ്കലാപ്പിൽ ഇത് വേണ്ട രീതിയിൽ രേഖപ്പെടുത്താൻ മറന്നു. അങ്ങനെ പറ്റിപ്പോയ മറ്റൊന്നാണ് കമ്പനിയുടെ ലെറ്റർ ഹെഡിൽ തയാറാക്കിയ കരാർ. കേരള സർക്കാർ ഒപ്പിടുന്ന കരാർ എന്നു പറയുന്ന രേഖ സ്പ്രിംഗഌറിന്റെ ലെറ്റർ ഹെഡിൽ! രാഷ്ട്രീയ വിദ്യാർത്ഥികളും സംസ്ഥാനത്തെ ഉദ്യോഗസ്ഥരും ഈ രേഖയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്തുവെക്കണം. കേരളത്തിലെ ഭരണ സംവിധാനത്തിലെ അപഹാസ്യമായ ഒരു ചരിത്ര രേഖയായിരിക്കും ഇത്.
സ്പ്രിംഗഌറിന്റെ കച്ചവടം വളരെ പരസ്യമായായിരുന്നു. തിരുവിതാംകൂർ രാജഭരണ കാലം തൊട്ടുള്ള ഒരു പൊതുജനാരോഗ്യ സംവിധാനത്തിന്റെ തുടർച്ചയാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങൾ. ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല, കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങളാണ് കോവിഡ്19 ന്റെ ആദ്യ ഘട്ടത്തിലെ ഫലപ്രദമായ ചെറുത്തുനിൽപിന് സഹായകമായത്. ഒപ്പം ജനങ്ങളുടെ സഹകരണവും. സംസ്ഥാന സർക്കാറിന്റെ എല്ലാ ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണയും നൽകി. ഇതിനർത്ഥം കോവിഡ് കാലത്തെ കച്ചവടത്തിന് ചൂട്ടുപിടിക്കുക എന്നല്ല.
സംസ്ഥാന സർക്കാറുമായി കരാർ ഒപ്പിടും മുമ്പ് സ്പ്രിംഗഌ കമ്പനി ചെയ്തത് അവരുടെ കച്ചവട വ്യാപനമായിരുന്നു. ഇവിടെ കാര്യങ്ങൾ നോക്കിയാൽ ആദ്യം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ച, പിന്നെ സർക്കാർ ജനങ്ങളിൽ നിന്ന് ശേഖരിച്ച ഡേറ്റ കമ്പനിക്ക് കൈമാറുക, അതിനൊപ്പം കമ്പനി കച്ചവട വ്യാപനം നടത്തുക, പിന്നീട് പർച്ചേസ് ഓർഡർ നൽകുക. ഇതെല്ലാം പുറത്തു വന്നപ്പോൾ കരാർ ഒപ്പിടുക. പർച്ചേസ് ഓർഡറിനും കരാറിനും ആഴ്ചകൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഐ.ടി സെക്രട്ടറി ചെയ്തത് സ്പ്രിംഗഌ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. കേരളം പതിറ്റാണ്ടുകൾ കൊണ്ട് നേരിയെടുത്ത ആരോഗ്യ പുരോഗതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളത്തിൽ രംഗപ്രവേശം ചെയ്ത ഒരു സ്വകാര്യ കമ്പനിയുടെ നേട്ടമാണെന്ന് പരോക്ഷമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞത് ഏതായാലും സ്വന്തം ഇഷ്ടപ്രകാരമാകില്ല. ഒപ്പം കമ്പനിയുടെ നേതൃത്വത്തിൽ വ്യാപകമായ പി.ആർ കാമ്പയിൻ നടത്തുക. അങ്ങനെ കമ്പനി മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കോവിഡ് 19 ന്റെ പേരിൽ കച്ചവട ശ്രമം നടത്തുക.
ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംബന്ധിച്ച നിർണായക വിധിയാണ് സുപ്രീം കോടതി മൂന്നു വർഷം മുമ്പ് ആധാർ കേസുമായി ബന്ധപ്പെട്ട് നടത്തിയത്. ഭരണഘടനയുടെ 21 ാം അനുഛേദത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന കോടതി വിധി പരിഷ്‌കൃത സമൂഹം സ്വാഗതം ചെയ്യുകയും ചെയ്തു. സ്പ്രിംഗഌ എന്ന അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കമ്പനി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, അതും അതിപ്രധാനമായ ആരോഗ്യ വിവരങ്ങൾ, ശേഖരിക്കുന്നത് നിസ്സാരമാക്കിത്തള്ളിക്കളയാനുള്ള ഭരണകക്ഷിയുടെ ശ്രമമാണ് ഇപ്പോൾ പാളിപ്പോയിരിക്കുന്നത്. സ്വകാര്യതയെക്കുറിച്ച് ഏറെ സംസാരിച്ചിരുന്ന സി.പി.എം അവരുടെ നയങ്ങൾ ചില കച്ചവട താൽപര്യങ്ങൾക്കു മുമ്പിൽ അടിയറ വെച്ചു. ഈ വിഷയത്തിൽ ഏറെ സംസാരിച്ച സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളത്? ഇതേ നിലപാട് തന്നെയാണോ പുട്ടു സ്വാമിക്കേസിൽ കക്ഷി ചേർന്ന സി.പി.ഐക്കും ബിനോയ് വിശ്വത്തിനുമുള്ളത്?
പത്തോളം രോഗവിവരങ്ങളാണ് സ്പ്രിംഗഌ കമ്പനിക്ക് ലഭിക്കുന്നത്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ഇതുവരെ ഈ വിവരങ്ങൾ സർക്കാർ ശേഖരിച്ച് അവർക്ക് കൈമാറിയത്. മാരക രോഗങ്ങൾ തൊട്ട് ജീവിതശൈലീ രോഗങ്ങൾ വരെയുള്ള ഈ വിവരങ്ങളുടെ വിപണി മൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഡേറ്റ വിശകലനം രംഗത്ത് പ്രവർത്തിക്കുന്ന സ്പ്രിംഗഌ. കോടിക്കണക്കിന് രൂപ നൽകി മരുന്ന് ഗവേഷണം നടത്തുന്ന ഫാർമാ കമ്പനികൾക്ക് വിലപ്പെട്ട വിവരങ്ങളാണ് സ്പ്രിംഗളറിന്റെ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്ത 41 ഇന ചോദ്യാവലിയുടെ 17 ാം നമ്പർ ചോദ്യത്തിലുള്ളത്. അവയവ കച്ചവട കമ്പനികൾക്കും ഇത് വിലപ്പെട്ട വിവരങ്ങളാണ്. ഇതിന്റെ വിപണി മൂല്യം കോടികളാണ്.
കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ മറിച്ച് കൊടുത്ത ശേഷം സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലെന്ന ന്യായം പരിഹാസ്യമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ഇ-മെയിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരം നൽകുന്നില്ലേ, അതിനേക്കാളും വലുതാണോ കോവിഡ് കാലത്തെ സ്വകാര്യ വിവരങ്ങൾ നൽകുന്നതെന്ന ദുർബലമായ വാദമാണ് സർക്കാറിനെ അന്ധമായി അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന വ്യക്തിവിവരങ്ങൾ പോലെയാണോ സ്റ്റേറ്റ് അവരുടെ വിശ്വാസ്യത മുതലെടുത്ത് നൽകുന്ന വിവരങ്ങൾ? സ്മാർട്ട് ഫോണോ ചില ആപ്പുകളോ വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട്. ഇതൊന്നുമില്ലാതെയാണ് വാർഡുതല കമ്മിറ്റികൾ സ്വകാര്യമായ രോഗവിവരങ്ങൾ വരെ കമ്പനിക്ക് നൽകുന്നത്, അതും ഒരു കരാർ പോലും ഒപ്പിടുന്നതിന് മുമ്പ്. കമ്പനി ഈ വിവരങ്ങൾ മറിച്ചു വിറ്റാൽ അത് ചോദ്യം ചെയ്യണമെങ്കിൽ നമുക്ക് അമേരിക്കയിലെ കോടതിയിലേക്ക് പോകണം! അതാണ് ഈ കരാർ.
എനിക്ക് ഹൃദ്രോഗമുണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും രോഗമുണ്ടെന്ന് സർക്കാറിനെ വിശ്വസിച്ച് നൽകുന്ന ഡേറ്റയിന്മേൽ ഈ സ്വകാര്യ കമ്പനിക്ക് ആക്‌സസ് ഉണ്ട്. നാളെ ഇതേ വിവരങ്ങൾ ഒരു ഇൻഷുറൻസ് കമ്പനിക്ക് നൽകിയാൽ ആരോഗ്യ ഇൻഷുറൻസ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച ശേഷം സർക്കാർ തട്ടിക്കൂട്ടിയ രേഖകൾ ഇപ്പോഴും വിശ്വാസയോഗ്യമല്ല. ഇത് സംബന്ധിച്ച് ഐ.ടി സെക്രട്ടറിയെ മാറ്റി നിർത്തി വിശദമായ അന്വേഷണം വേണം. സ്പ്രിംഗഌ കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കി സംസ്ഥാന സർക്കാറിനു കീഴിലുള്ള ഐ.ടി ഏജൻസികളിലൊന്നിനെക്കൊണ്ട് പകരം സംവിധാനം തയാറാക്കണം. ഇതൊന്നും ചെയ്യാനുള്ള ശേഷി ഐ.ടി മിഷനില്ല എന്ന ഐ.ടി സെക്രട്ടറിയുടെ പരാമർശം പരിഹാസ്യമാണ്. ഐ.ടി രംഗത്ത് ആഗോള തലത്തിൽ തന്നെ പ്രവർത്തിക്കുന്ന മലയാളികൾക്കു മുമ്പിലാണ് ഇത്തരം പരിഹാസ്യമായ വാദം ഉന്നയിക്കുന്നത്. രണ്ട് പ്രളയങ്ങൾ കഴിഞ്ഞിട്ടും നിപ പോലെ ഒരു പകർച്ചവ്യാധി വന്നിട്ടും ഡേറ്റ വിശകലനത്തിന് ഒരു സംവിധാനം ഒരുക്കാത്തത് ആർക്കു വേണ്ടിയാണ്?
ആധാറിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രധാന വിധി വന്നപ്പോൾ ആ വിധിയെ സ്വാഗതം ചെയ്ത് 2017 ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ഇതാണ്. ''ആധാറിന് വേണ്ടി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളും സ്വകാര്യ കുത്തക കമ്പനികളുമാണ്. ഈ കമ്പനികൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ വലിയ സാധ്യതയുണ്ട്. ഇത്തരം ദുരുപയോഗം സ്വകാര്യതക്കുള്ള മൗലികവകാശം നിഷേധിക്കലാണ്.''
അതുകൊണ്ട് കോവിഡിനെതിരേ ഒന്നിച്ചു പൊരുതാം. മുഖമറയാകാം, പക്ഷേ പുകമറ അനുവദിച്ചു തരാൻ ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന് സാധിക്കില്ല.