പാലക്കാട്- അടുത്തിടെ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കികൊണ്ട് നടത്തിയ പ്രസംഗം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സഭയെ നിശബ്ദമാക്കിയ മന്ത്രിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നു. ആ ഭാഗമാണ് പാലക്കാട് ചിറ്റൂരുള്ള ആവര്‍ത്തന എന്ന ആറു വയസ്സുകാരി ടിക് ടോക്കില്‍ പുനരവതരിപ്പിച്ചത്. ആരോഗ്യ മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ 'പെണ്ണാണ് ഭരിക്കുന്നതെങ്കിലും..... എന്താ പെണ്ണിന് കുഴപ്പം..' എന്ന ഭാഗം വളരെ സൂക്ഷമതയോടെയാണ് ആവര്‍ത്തന അവതരിപ്പിച്ചത്. മന്ത്രിയുടെ രൂപസാദൃശ്യം വരുത്താന്‍ കണ്ണടയും അമ്മയുടെ ഷാളുകൊണ്ട് സാരി ഉടുത്തുമായിരുന്ന ആവര്‍ത്തന വീഡിയോ ചെയ്തത്. നോക്കിലും നില്‍പ്പിലും വാക്കിലും ടീച്ചറെ അതേപടി അനുകരിക്കുകയായിരുന്നു ആവര്‍ത്തന. പ്രസംഗത്തിന് ശേഷം ഇരുന്ന് സാരി ശരിയാക്കുന്നത് പോലും അതേപടി അനുകരിച്ചിരുന്നു കുട്ടി. മന്ത്രിയെ അനുകരിച്ചുള്ള ആവര്‍ത്തനയുടെ ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ഇപ്പോള്‍ മന്ത്രി കെകെ ശൈലജ തന്നെ കുട്ടിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്.
'മോളൂട്ടിയുടെ വീഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും മോളെ കാണും. ഞാന്‍ പോലും അറിയാതെയാണ് അന്ന് സഭയില്‍ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോള് ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി..' എന്ന് ആവര്‍ത്തനയോട് മന്ത്രി പറഞ്ഞതായി അച്ഛന് ശബരീഷ് പറയുന്നു. ശബരീഷിന്റെയും ജിഷയുടെയും മകളാണ് കുഞ്ഞു താരം. കുട്ടിയുടെ അച്ഛനാണ് വീഡിയോ എടുത്തത്. മൂന്ന് നാല് ദിവസമെടുത്താണ് ആരോഗ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം ആവര്‍ത്തന പഠിച്ചെടുത്തതെന്ന് അച്ഛന് ശബരീഷ് പറഞ്ഞു.