പാരിസ്-ആഗോളതലത്തില്‍ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരി മനുഷ്യ നിര്‍മ്മിതമാണെന്ന ആരോപണവുമായി നൊബേല്‍ പുരസ്‌കാര ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണ വൈറസ് പുറത്ത് ചാടിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണ വൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണ വൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വൈറസ് വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ച സമയത്താണ് അദ്ദേഹത്തിന്റെ ഈ ആരോപണം എന്നതും ശ്രദ്ധേയമാണ്.
കോവിഡ് വൈറസ് ചൈനീസ് ലാബില്‍ നിന്നും ചോര്‍ന്നതാണെന്നാണ് അമേരിക്ക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് ചൈന തള്ളിയിരുന്നു. അമേരിക്കന്‍ സൈന്യമാണ് കോവിഡിനെ ചൈനയിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.