ബാര്‍സിലോണ- കൊറോണ വൈറസ് മൂലം വീട്ടിനകത്ത് പിടിച്ചിരുത്തപ്പെട്ട കുട്ടിപ്പട്ടാളങ്ങള്‍ക്ക് ആറ് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങാന്‍ അവസരമൊരുക്കി സ്‌പെയിന്‍. മാര്‍ച്ച് 14 മുതല്‍ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു സ്‌പെയിനില്‍.
രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ ഇരുപത്തിയേഴ് മുതല്‍ ഇളവ് നല്‍കുമെന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവസരമൊരുങ്ങുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ബാര്‍സിലോണയുടെ മേയറായ അഡ കോളോ കുട്ടികള്‍ക്ക് പുറത്തിറങ്ങാനുള്ള കര്‍ശന വിലക്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് 19 മഹാമാരി നിമിത്തം 20000ല്‍ അധികം ആളുകളാണ് സ്‌പെയിനില്‍ മരിച്ചത്. കൊറോണ വൈറസിന്റെ വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയെങ്കിലും പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ചയ്ക്ക് സമയമായില്ലെന്നാണ് പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.