മുംബൈയില്‍ കെട്ടിടത്തില്‍ തീപ്പിടിത്തം; ആറു പേര്‍ വെന്തുമരിച്ചു

മുംബൈ- നഗരത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ വെന്തു മരിച്ചു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി 10 മണിയോടെ ജുഹുവില്‍ കെട്ടിടത്തിന്റെ താഴെ നിലയിലാണ് അപായമുണ്ടായത്. അഗ്നിശനമ സേനയെത്തി 10.30-ഓടെ തീ അണച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രശ്മി കരണ്‍ദികര്‍ പറഞ്ഞു.

13 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴെ നിലയില്‍ മാത്രമാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കള്‍, മര ഉരുപ്പടികള്‍ എന്നിവയ്ക്ക് തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തികൂട്ടിയത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News