ന്യൂദൽഹി- കൊറോണ വ്യാപനം തടയുന്നതിനായി ജനങ്ങളുടെ ശരീരത്തിനു മുകളിൽ അണുനാശിനി തളിക്കേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അണുനാശിനി തളിക്കുന്നത് മനുഷ്യന് ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾക്കു കാരണമാകുമെന്നും മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചാൽ തന്നെ അയാളുടെ ശരീരത്തിനുള്ളിലാണ് വൈറസിന്റെ സാന്നിധ്യം ഉണ്ടാവുക. അതുകൊണ്ട് ശരീരത്തിനു മുകളിൽ അണുനാശിനി തളിക്കുന്നത് ഗുണമാകില്ല. മാത്രമല്ല, വസ്ത്രത്തിനു മുകളിൽ അണുനാശിനി തളിക്കുന്നതു ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുമില്ല. ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ജനങ്ങളുടെ ശരീരത്തിനു മുകളിൽ അണുനാശിനി തളിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് പുറത്തിറക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
വ്യക്തികളുടെയോ കൂട്ടമാളുകളുടെയോ ശരീരത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിർദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവർക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാൽ തന്നെ അജൈവ വസ്തുക്കളിലാണ് അത് പ്രയോഗിക്കേണ്ടത്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടെന്നും മന്ത്രാലയം വിശദമാക്കി.
കോവിഡ് രോഗികൾ ഇരിക്കുന്ന സ്ഥലമോ അവർ പതിവായി തൊടുന്നവയും പ്രദേശങ്ങളും അണുവിമുക്തമാക്കാനാണ് അണുനാശിനി ഉപയോഗിക്കേണ്ടത്. മാത്രമല്ല, ഇവ ഉപയോഗിക്കുമ്പോൾ സുരക്ഷാ കവചങ്ങളും ഗ്ലൗസും ഉപയോഗിക്കണമെന്നു നിർദേശിക്കുന്നുമുണ്ട്. അണുനാശിനിയായി ഉപയോഗിക്കുന്ന സോഡിയം ഹൈപ്പോക്ലോറേറ്റ് ശ്വാസകോശ രോഗമുള്ളവർക്ക് ദോഷമാണ്. അതിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ കണ്ണിനും വയറിനും പ്രശ്‌നങ്ങളുണ്ടാക്കും. ഛർദ്ദി, മനംപുരട്ടൽ എന്നിവയ്ക്കു കാരണമാകുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.