കലബുറഗി- വടക്കന്‍ കര്‍ണാടകയിലെ ചന്നുര്‍ ഗ്രാമത്തില്‍ ദലിത് കുടുംബങ്ങളുടെ വെള്ളം കുടി മുട്ടിക്കാന്‍ ഒരു മേല്‍ജാതിക്കാരന്‍ പൊതുകിണറ്റില്‍ എന്‍ഡ്‌സള്‍ഫാന്‍ കലക്കിയതായി ആരോപണം. ബംഗലൂരുവില്‍ നിന്ന് 640 കിലമോറ്റീര്‍ അകലെ ജെവാര്‍ഗി താലൂക്കിലെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. ജീവന്‍ ഭയന്ന് പ്രദേശത്തെ ദലിത് കുടുംബങ്ങള്‍ തങ്ങളുടെ ഏക ആശ്രയമായിരുന്ന ഈ കിണറ്റില്‍ നിന്ന് ഇപ്പോള്‍ വെള്ളമെടുക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഗ്രാമത്തില്‍ മറ്റ് ഏഴു കിണറുകള്‍ കൂടി ഉണ്ടെങ്കിലും അവ ഉപയോഗിക്കാന്‍ ഇവരെ അനുദവിക്കാറില്ല. മേല്‍ജാതിക്കാര്‍ മാത്രമാണ് അവയില്‍ നിന്നും വെള്ളമെടുക്കുന്നത്.
കിണര്‍ സ്ഥിതിചെയ്യുന്ന കൃഷിയിടം ഒരു ദലിത് ഉടമയുടേതാണ്. മേല്‍ജാതിക്കാരനായ ഗൊല്ലലപ്പഗൗഡ കല്ലപ്പഗൗഡ കാകനുര്‍ എന്ന വ്യക്തി നാലു വര്‍ഷം മുമ്പ് പാട്ടത്തിനെടുത്ത് ഉപയോഗിച്ചു വരികയാണ്. ഇത്രയും കാലം ഈ കിണറ്റിലെ വെള്ളമെടുക്കാന്‍ ഇദ്ദേഹം ദളിതരെ അനുവദിച്ചിരുന്നില്ല. പകരം ഒരു പമ്പു സെറ്റ് വഴി ദലിത് കോളനിയിലേക്ക് വെള്ള പമ്പു ചെയ്തു കൊടുക്കുകയാണ് ചെയ്തിരുന്നത്. വെള്ളം വരുന്നത് നിന്നതോടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോളനിവാസിയായ മഹന്തപ്പ വെള്ളമെടുക്കാന്‍ കിണറ്റിനരികെ എത്തിയപ്പോഴാണ് വെള്ളത്തിന്റെ ഗന്ധത്തിലെ മാറ്റം അറിഞ്ഞത്. ഉടന്‍ തന്നെ കോളനിവാസികളെ അറിയിച്ച് വെള്ളം കുടിക്കാനുപയോഗിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ കലക്കിയതായി തെളിഞ്ഞെന്ന് കലബുറഗി റൂറല്‍ എസ് പി എസ് എസ് ഹുള്ളൂര്‍ പറഞ്ഞു. ഉടന്‍ തന്നെ കിണറ്റിലെ വെള്ളം രണ്ടു തവണ പൂര്‍ണമായും വാര്‍ത്തു കളഞ്ഞു. ഗ്രാമത്തിലെ ദലിത് കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ അധികൃതര്‍ മറ്റു സംവിധാനങ്ങള്‍ ഒരുക്കി. കുടിവെള്ള പ്രതിസന്ധി രൂക്ഷമായിട്ടും മേല്‍ജാതിക്കാര്‍ ഉപയോഗിക്കുന്ന മറ്റു കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ദലിതരെ അനുവദിച്ചിട്ടില്ല.
തൊട്ടുകൂടായ്മ ഈ ഗ്രാമത്തില്‍ രൂക്ഷമാണെന്ന് ദലിത് കുടുംബങ്ങള്‍ പറയുന്നു. ദലിതരുടെ ഏക ആശ്രയമായിരുന്ന കിണറ്റില്‍ വിഷം കലക്കിയതിന് ഗൊല്ലലപ്പഗൗഡക്കെതിരെ പരാതി നല്‍കിയതിനു ശേഷം നിരന്തരം ഭീഷണികളാണെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു ദലിതനെ താന്‍ കൊല്ലുമെന്ന് പൊലീസ് പിടിയിലാകുന്നതിന് മുമ്പ് ഇയാള്‍ ഭീഷണിമുഴക്കിയിരുന്നതായി ദളിത് നേതാവായ മല്ലണ്ണ കൊടചി പറഞ്ഞു. ദലിതരുടെ വെള്ളം കുടി മുട്ടിക്കാന്‍ ചത്ത നായകളേയും എലികളേയും പാമ്പുകളേയും ഗൊല്ലലപ്പ ഇടക്കിടെ ഈ കിണറ്റിലിട്ടിരുന്നതായും ദലിത് കുടുംബങ്ങള്‍ ആരോപിക്കുന്നു.