ന്യൂഡല്‍ഹി- വിമാന യാത്രക്കാരുടെ സമ്പൂര്‍ണ വിവര ശേഖരണ പട്ടിക (നോ ഫ്‌ളൈ ലിസ്റ്റ്- know fly list) തയാറാക്കുന്നതിനുള്ള അന്തിമ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഈ പട്ടിക നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രകള്‍ നടത്തുന്നതിന് ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കേണ്ടത് നിര്‍ബന്ധമാകും. തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് ഈ ഗണത്തില്‍ സ്വീകാര്യമാണോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
മറ്റു രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഏര്‍പ്പെടുത്തി നോ ഫ്‌ളൈ ലിസ്റ്റ് ഇന്ത്യയും നടപ്പാക്കാനൊരുങ്ങുകയാണ്. ഇതു സംബന്ധിച്ച് ഡിജിസിഎ സഘം ആഗോള ഏജന്‍സികളുമായി ചര്‍ച്ച നടത്തിയിരുന്നു. കരട് നോ ഫ്‌ളൈ ലിസ്റ്റ് തയാറാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്തിമ ചട്ടങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും,' കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
ഈ പട്ടികയില്‍ പേര്‍ ഉള്‍പ്പെട്ടവര്‍ക്ക് മറ്റൊരു പേരിലും യാത്ര ചെയ്യാനാവില്ല. ഇത് ഉറപ്പുവരുത്തുന്നതിനുള്ള പ്രകിയ മൂലമാണ് ഇതു നടപ്പിലാക്കാന്‍ വൈകുന്നത്. ഡിജിസിഎ ആയിരിക്കും ഇതു സംബന്ധിച്ച ചട്ടങ്ങള്‍ പുറത്തിറക്കുക. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് കാര്‍ഡുകള്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.