ന്യൂദല്‍ഹി- ലോകത്തെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമളക്കുന്ന ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് 2018-ല്‍ ഇത്തവണയും ഇന്ത്യന്‍ സര്‍വകലാശാലകളുടേത് മോശം പ്രകടനം. പട്ടികയില്‍ ആദ്യ 200-ല്‍ പോലും ഇന്ത്യയിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇടം കണ്ടെത്തിയില്ല. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റാങ്കിങ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ആണ്.
പട്ടികയില്‍ 251-300 ഗണത്തിലാണ് ഐ.ഐ.എസ്.സി ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ റാങ്കിങില്‍ ഇത് 201-250 ഗണത്തിലായിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായ ഈ പ്രശസ്ത റാങ്കിങ് ഏജന്‍സി ആദ്യ 200 റാങ്കു വരെ മാത്രമെ ഓരോ യൂണിവേഴ്‌സിറ്റിക്കും വ്യക്തിഗത റാങ്കിങ് നല്‍കുന്നുള്ളൂ. ശേഷമുള്ളവ 201-250, 251-300 എന്നിങ്ങനെ ഗ്രൂപ്പുകളാക്കി തിരിച്ചതാണ്.
ഗവേഷണ സ്വാധീനം, ഗവേഷണ വരുമാനം എന്നീ സ്‌കോറുകള്‍ താഴെ പോയതാണ് ഇത്തവണ ബാംഗ്ലൂര്‍ ഐ.ഐ.എസ്.സിയുടെ റാങ്ക് താഴെ പോകാന്‍ കാരണമായത്. ഐ.ഐ.ടി ദല്‍ഹി, ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി കാണ്‍പൂര്‍, ഐ.ഐ.ടി ഖരഗ്പൂര്‍ എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ത്യയിലെ മികച്ച അഞ്ചു സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ട മറ്റു യൂണിവേഴ്‌സിറ്റികള്‍. ഐ.ഐ.ടി ബോംബെ 351-400 ഗണത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണയും ഇതേ ഗണത്തിലായിരുന്നു. കഴിഞ്ഞ തവണ 401-500 ഗണത്തിലുള്‍പ്പെട്ടിരുന്ന ദല്‍ഹി, കാണ്‍പൂര്‍ ഐ.ഐ.ടികള്‍ ഒരു പടി താഴ്ന്ന് 501-600 ഗണത്തിലെത്തി.
ചൈന, ഹോങ്കോങ്, സിംഗപൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ റാങ്കിങ്ങില്‍ സ്ഥിരമായി മുന്നേറുമ്പോള്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ പിന്നോട്ടടി നിരാശാജനകമാണെന്ന് ടൈംസ് റാങ്കിംഗ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ഫില്‍ ബാറ്റി അഭിപ്രായപ്പെട്ടു. വിദേശ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ആകര്‍ഷിക്കുന്നതില്‍ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികള്‍ മോശം പ്രകടനമാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം വിദേശ ഫാക്കല്‍റ്റികല്‍ക്ക് ദീര്‍ഘ കാലം ഇന്ത്യയില്‍ അധ്യാപനം നടത്താന്‍ കഴിയുന്നില്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.