'അസംഭവ്യം'; കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി വുഹാന്‍ ലാബിന്റെ തലവന്‍

ബീജിംഗ്- കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ലബോറട്ടിറിക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളി ലാബ് ഡിരക്ടര്‍ യുവാന്‍ സിമിംങ്. വുഹാനിലെ പി-4 ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് വൈറസ് പുറത്തുകടന്നത് എന്നതരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് 'അസംഭവ്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'യാതൊരു തെളിവുമില്ലാതെ പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ഊഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. വൈറൽ പഠനങ്ങൾ നടത്തുന്ന ആളുകളെന്നനിലയിൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ ഏത് തരത്തിലുള്ള ഗവേഷണമാണ് നടക്കുന്നതെന്നും വൈറസ് സാമ്പിളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഞങ്ങളുടെ ലാബില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വൈറസ് പുറത്തുകടക്കുകയെന്നത് അസംഭവ്യമാണ്." അദ്ദേഹം വ്യക്തമാക്കി. 

ലാബിലെ അംഗങ്ങളില്‍ ആര്‍ക്കും രോഗം ബാധിച്ചിട്ടില്ല. വുഹാനില്‍ വന്യജീവികളെ വിൽക്കുന്ന ചന്തയിലെ ഏതെങ്കിലും മൃഗത്തില്‍നിന്ന് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാം. രോഗകാരിയായ വൈറസിനെ കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ജനുവരിയില്‍തന്നെ ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ചതായും ലബോറട്ടറി തലവന്‍ വ്യക്തമാക്കി.

വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ അപകടകാരികളായ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലാബ് സ്ഥിതിചെയ്യുന്നതാണ് ലാബിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. ചൈനീസ്, ഫ്രഞ്ച് ആരോഗ്യ മന്ത്രാലയങ്ങള്‍ സര്‍ട്ടിഫൈ ചെയ്ത അതിസുരക്ഷാ ലാബായ പി-4 നെകുറിച്ചുള്ള ആരോപണങ്ങള്‍ നേരത്തേ ഫ്രാന്‍സും തള്ളിയിരുന്നു. വൈറസ് മനുഷ്യ നിര്‍മിതമാണെന്നോ ലാബില്‍നിന്നാണ് വൈറസ് പുറത്തുകടന്നതെന്നോ ഉള്ള ആരോപണങ്ങള്‍ക്ക് നിലവില്‍ ഒരു തെളിവുമില്ല എന്നാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയത്. കോവിഡ് 19 മനുഷ്യനിര്‍മിതമാണെന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയും നേരത്തേ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നേരത്തേതന്നെ പ്രചരിച്ചിരുന്ന ഈ ആരോപണം അമേരിക്കയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് ശേഷമാണ് യുഎസ് മാധ്യമങ്ങളില്‍ നിറയുന്നത്.

Latest News