ബെംഗളൂരു- ലോക്ക്ഡൗണ്‍ കാരണം സമീപ പ്രദേശങ്ങളിലൊന്നും ആശുപത്രികള്‍ തുറക്കാതായതോടെ യുവതി പ്രസവ വേദനയുമായി എത്തിയത് ദന്തഡോക്ടറുടെ അടുത്ത്. വടക്കൻ ബെംഗളൂരുവിലാണ് സംഭവം. ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ പെണ്‍കുട്ടിയുടെ പ്രസവം നടന്നു.
"അവര്‍ എത്തി 10 മിനിറ്റിനുള്ളിൽതന്നെ കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് ജീവന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍, കടുത്ത രക്തസ്രാവമുള്ള അമ്മയെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ കുഞ്ഞിനും ചലനംവെച്ചു. ആരോഗ്യത്തോടെതന്നെ കുഞ്ഞിനെ വീണ്ടെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു." പ്രസവത്തിന് മേല്‍നോട്ടം വഹിച്ച ഡെന്റൽ സർജൻ ഡോ. രമ്യ പറയുന്നു.
സമീപ പ്രദേശത്തൊന്നും മറ്റ് ആശുപത്രികള്‍ കാണാഞ്ഞതിനാല്‍ വേറേ വഴികളില്ലാത്തതിനാലാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ക്ലിനിക്കില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇരുവരെയും പിന്നീട് ബംഗളുരുവിലെ കെസി ചന്ദ്ര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.