അങ്കാറ- മ്യാൻമറിൽ വംശീയാക്രമണത്തിന് ഇരയാകുന്ന റോഹിംഗ്യക്കാർക്ക് തുർക്കിയുടെ സഹായം ഉടനെത്തും. പതിനായിരം ടൺ ഭക്ഷ്യവിഭവങ്ങൾ ഉടൻ എത്തിക്കുമെന്ന് തുർക്കി അറിയിച്ചു. തുർക്കി പ്രസിഡന്റ് റജബ് തയിബ് ഉർദുഗാനാണ് ഇക്കാര്യം അറിയിച്ചത്. മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുമായി ഉർദുഗാൻ ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകാനുള്ള സംവിധാനം ഒരുങ്ങുന്നത്. അങ്കാറയിൽ തന്റെ പാർട്ടി യോഗത്തിലാണ് ഉർദുഗാൻ ഇക്കാര്യം വ്യക്തമാക്കിയത്. തുർക്കിയുടെ സന്നദ്ധ സഹകരണ ഏജൻസിയായ ടിക്ക ഇതോടകം ആയിരം ടൺ ഭക്ഷ്യവിഭവങ്ങൾ റോഹിംഗ്യൻ ക്യാമ്പുകളിൽ വിതരണം ചെയ്തു. രണ്ടാം ഘട്ടമായാണ് പതിനായിരം ടൺ വിഭവങ്ങൾ കൂടി എത്തിക്കുന്നത്. ഓഗസ്റ്റ് 25ന് അക്രമണം പൊട്ടിപ്പുറപ്പെട്ട ശേഷം ഒന്നരലക്ഷത്തോളം റോഹിംഗ്യൻസാണ് ബംഗ്ലാദേശിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. 400-ഓളം പേർ ഇതോടകം കൊല്ലപ്പെട്ടതായും കണക്കാക്കുന്നു.
റോഹിംഗ്യൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് തുർക്കി വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. വർഷങ്ങളായി തുറന്ന ജയിലിലാണ് റോഹിംഗ്യൻസ് താമസിക്കുന്നതെന്നും ശാശ്വത പരിഹാരം സംബന്ധിച്ച് ബംഗ്ലാദേശുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.