Sorry, you need to enable JavaScript to visit this website.

ഗോരക്ഷയുടെ പേരിലുള്ള ആക്രമണം തടയാന്‍ ഓരോ ജില്ലയിലും പോലീസ് ഓഫീസറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- രാജ്യത്തുടനീളം അരങ്ങേറുന്ന ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി. ഇത്തരം ആക്രമണങ്ങള്‍ കര്‍ശനമായി തടയാന്‍ എല്ലാ ജില്ലകളിലും മുതിര്‍ന്ന പോലീസ് ഓഫീസറെ നിയോഗിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഉത്തരവിട്ടു. ഗോരക്ഷകരുടെ വേഷം കെട്ടി ചിലര്‍ നിയമം കയ്യിലെടുക്കുന്നത് തടയുകയും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ഈ ഓഫീസറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുശാര്‍ ഗാന്ധി സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

ഗോരക്ഷകരുടെ ആക്രണം തടയുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരമേറ്റതിനു ശേഷമാണ് ഗോരക്ഷയുടെ പേരിലുള്ള കൊലപാതങ്ങളും ആക്രമണളും പലയിടത്തും വ്യാപകമായതെന്ന കണക്കുകള്‍ ഈയിടെ പുറത്തു വന്നിരുന്നു. ഇതു കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രം ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് സംസ്ഥാനങ്ങളും പിന്തുടരണം.

ഓരോ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും കൂടിയാലോചിച്ച് ഇത്തരം സംഭവങ്ങള്‍ക്ക് തടയിടണം. ഏതുവിധേനയും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കോടതി സര്‍ക്കാരുകള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം. ഗോരക്ഷയുടെ പേരിലുള്ള ആക്രമങ്ങള്‍ തടയാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആരാഞ്ഞു. 

പശു സംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ ഇന്ദിരാ ജയ്‌സിങും കോളിന്‍ ഗോണ്‍സാല്‍വസും ചൂണ്ടിക്കാട്ടി. ഈ മാസം 22-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.  

Latest News