Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന വാദം തള്ളി ഫ്രാന്‍സ്

പാരീസ്- വുഹാൻ നഗരത്തിലെ ചൈനീസ് ഗവേഷണ ലബോറട്ടറിയെ പുതിയ കൊറോണ വൈറസുമായി ബന്ധിപ്പിച്ച് യുഎസ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഫ്രഞ്ച് സർക്കാർ. ലോകത്താകമാനം പടര്‍ന്നുപിച്ച കോവിഡ് 19 ന് കാരണമായ കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്ന് പുറത്തുകടന്നതാണെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യങ്ങളില്‍വന്ന ഗൂഡാലോചനാ സിദ്ധാന്തം പ്രസിഡന്റ് ട്രംപ് വരെ ഏറ്റെടുത്തിരിക്കേയാണ് ഫ്രാന്‍സ് നിലപാട് വ്യക്തമാക്കുന്നത്.
 
'അമേരിക്കൻ പത്രങ്ങളിൽ അടുത്തിടെ പ്രചരിച്ചതുപോലെ കോവിഡ് -19 ന്റെ ഉത്ഭവവും വുഹാനിലെ പി-4 ലബോറട്ടറിയും തമ്മിൽ എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ വസ്തുതാപരമായ തെളിവുകളൊന്നും ഇതുവരെ ഇല്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'. ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

മഹാമാരി ഉത്ഭവിച്ച ചൈനയിലെ വുഹാന്‍ ലാബിൽനിന്നാണോ കൊറോണ വൈറസ് പുറത്തുകടന്നതെന്ന് നിര്‍ണയിക്കാന്‍ തന്റെ ഭരണകൂടമം  ശ്രമിച്ചുവരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നേരത്തേതന്നെ പ്രചരിച്ചിരുന്ന ഈ ആരോപണം ചൈന നിഷേധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് ശേഷമാണ് യുഎസ് മാധ്യമങ്ങളില്‍ നിറയുന്നത്. കോവിഡ് 19 മനുഷ്യനിര്‍മിതമാണെന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയും നേരത്തേ വ്യക്തമാക്കിയിരുന്നു.

Latest News