ലണ്ടന്‍- കൊറോണ വൈറസ് പിടിച്ചുകെട്ടണമെങ്കില്‍ വാക്‌സിന്‍ കണ്ടു പിടിക്കണം. എന്നാല്‍ ആ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വരുമെന്നും അത്തരമൊരു വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കഴിയുമെന്ന് തന്നെ ഉറപ്പില്ലെന്നും യുകെയിലെ ഇന്ത്യന്‍ വംശജനായ ബിസിനസ് സെക്രട്ടറി അലോക് ശര്‍മ. അതുകൊണ്ടു എപ്പോഴാണ് കൊറാണ വാക്‌സിന്‍ ലഭ്യമാവുകയെന്ന കൃത്യമായൊരു തിയതി പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അലോക് ശര്‍മ പറയുന്നു. എന്നാല്‍ വൈദ്യശാസ്ത്രരംഗത്ത് വിപ്ലകരമായ നേട്ടങ്ങളുണ്ടാക്കിയൊരു രാജ്യമാണ് ബ്രിട്ടന്‍ എന്നതിനാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്തല്ലെന്നും ശര്‍മ ഓര്‍മിപ്പിക്കുന്നു. വാക്‌സിന്‍ കണ്ടുപിടിക്കുകയെന്നത് സങ്കീര്‍ണമായ ഒരു യജ്ഞമാണെന്നും അതിന് മാസങ്ങളെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ വൈറസുമായി ബന്ധപ്പെട്ട പതിവ് ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി സയന്റിസ്റ്റുമാരെ പിന്തുണക്കുന്നതിനായി പുതിയൊരു ടാസ്‌ക് ഫോഴ്‌സിനെ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സ്ഥിതിയനുസരിച്ച് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തി ഡൗണിംഗ് സ്ട്രീറ്റ് സയന്റിഫിക് അഡൈ്വസറായ സര്‍ പട്രിക് വല്ലാന്‍സും രംഗത്തെത്തി. എന്നാല്‍ വൈദ്യശാസ്ത്രരംഗം കടുത്ത വെല്ലുവിളിയെ നേരിടാന്‍ സന്നദ്ധമാണെന്നും ഇതിനാലാണ് ബ്രിട്ടനില്‍ നിലവില്‍ രോഗികളുടെ എണ്ണവും മരണവും നേരിയ തോതിലെങ്കിലും കുറഞ്ഞിരിക്കുന്നതെന്നും വല്ലാന്‍സ് പറയുന്നു.