ലണ്ടന്‍-ബ്രിട്ടനില്‍ കൊറോണ മരണം ഇരുപത്തിനായിരത്തില്‍ നില്‍ക്കുമെന്ന അധികൃതരുടെ കണക്കുകൂട്ടല്‍ അസ്ഥാനത്താണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന ഒഫീഷ്യലിന്റെ മുന്നറിയിപ്പ്. കണക്കുകൂട്ടിയതിന്റെ ഇരട്ടിയിലേറെ മരണം ഉണ്ടാവാം. യുകെയില്‍ കൊറോണ ബാധ അത്രവേഗമൊന്നുമടങ്ങില്ലെന്നും ചുരുങ്ങിയത് 40,000 പേരെങ്കിലും മരിക്കുമെന്നും ഒഫീഷ്യല്‍ പ്രഫ. അന്തോണി കോസ്‌റ്റെല്ലോ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് കോളജ് ലണ്ടനിലെ പ്രഫസറാണ് അദ്ദേഹം. ഇപ്പോഴത്തെ കൊറോണ താണ്ഡവം രാജ്യത്ത് കെട്ടടങ്ങിയാലും പിന്നീട് രോഗം പത്ത് പ്രാവശ്യമെങ്കിലും രാജ്യത്ത് തരംഗമുയര്‍ത്തി നിരവധി ജീവനുകള്‍ കവരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് കൊറോണയുടെ ആറ് മുതല്‍ പത്ത് വരെ തരംഗങ്ങള്‍ കൂടി ആഞ്ഞടിക്കുമെന്നും അപ്പോഴേക്കും രാജ്യത്തെ മില്യണ്‍ കണക്കിന് പേരെ കൊറോണ ബാധിക്കുമെന്നുമാണ് കോസ്‌റ്റെല്ലോ മുന്നറിയിപ്പേകുന്നത്.
ഇന്നലെ 847 പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചുത്തോടെ ഇതുവരെയുള്ള മരണം 14,576 ആയി. രാജ്യത്തെ മൊത്തം രോഗികള്‍ 108,692 ആയാണ് വര്‍ധിച്ചിരിക്കുന്നത്.തുടര്‍ച്ചയായി ആറ് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം 900ത്തിനടുത്ത് രോഗികളാണ് കൊറോണ ബാധിച്ച് മരിച്ചത്. ഏപ്രില്‍ പത്തിന് യൂറോപ്പിലെ ഏറ്റവും വലിയ പ്രതിദിന കൊറോണ മരണസംഖ്യയായ 980 ബ്രിട്ടനില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുകെയിലെ രോഗവ്യാപനത്തിന്റെ ഗ്രാഫ് മെല്ലെ താഴ്ന്നു തുടങ്ങിയെങ്കിലും ലോകാരോഗ്യസംഘടനാ ഒഫീഷ്യലിന്റെ മുന്നറിയിപ്പ് യുകെയെക്കുറിച്ച് നടത്തിയ പ്രവചനം വളരെ ഗൗരവമേറിയതാക്കുകയാണ്. യുകെയിലെ കെയര്‍ഹോമുകളില്‍ 4000ത്തോളം വയോജനങ്ങള്‍ കൊറോണ ബാധിച്ച് മരിച്ചത് ഔദ്യോഗിക കൊറോണ മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനത്തിനാണ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. അതുകൂടി കൂട്ടിയിരുന്നുവെങ്കില്‍ രാജ്യത്തെ കൊറോണ മരണം ഇപ്പോള്‍ തന്നെ 20,000ത്തിന് അടുത്തെത്തുമായിരുന്നുവെന്നും വിവിധ ഉറവിടങ്ങള്‍ അഭിപ്രായപ്പെടുന്നു.