ജനീവ- ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയ നടത്തിയ മാരക സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് സ്‌ഫോടന പരീക്ഷണം യുഎസിനുള്ള ഒരു സമ്മാനമായിരുന്നെന്നും കൂടുതല്‍ സമ്മാനങ്ങള്‍ വഴിയെ വരുമെന്നും ഉത്തര കൊറിയയുടെ ഭീഷണി. ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയയുടെ സ്ഥാനപതി ഹാന്‍ തായി സോങാണ് നിരായൂധീകരണത്തെ കുറിച്ച് യുഎന്‍ ജനീവയില്‍ നടത്തിയ സമ്മേളനത്തിനിടെ ഇങ്ങനെ പറഞ്ഞത്.
'എന്റെ രാജ്യമായ ഉത്തര കൊറിയ ഈയിടെ നടത്തിയ സ്വയം പ്രതിരോധ നടപടിപരീക്ഷണം യുഎസിനെ മാത്രം ഉദ്ദേശിച്ചുള്ള ഒരു സമ്മാനപ്പൊതിയാണ്. ഉത്തര കൊറിയക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വീണ്ടുവിചാരമില്ലാത്ത പ്രകോപനങ്ങളും വിഫലശ്രമങ്ങളുമായി മുന്നോട്ടു പോകുന്നിടത്തോളം കാലം യുഎസിന് കുടുതല്‍ സമ്മാനങ്ങള്‍ എന്റെ രാജ്യത്തു നിന്നും പ്രതീക്ഷിക്കാം,' വളച്ചുകെട്ടില്ലാതെ ഹാന്‍ പറഞ്ഞു.
യുഎസില്‍ നിന്നുള്ള വര്‍ധിച്ച ആണവാക്രമണ ഭീഷണിയും ഉത്തര കൊറിയയെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശത്രുതാ നയവും എതിര്‍ക്കുന്നതിനുള്ള സ്വയം പ്രതിരോധ നീക്കങ്ങള്‍ മാത്രമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദങ്ങളും ഉപരോധങ്ങളും ഉത്തര കൊറിയയെ ബാധിക്കാന്‍ പോകുന്നില്ല. ഒരു സാഹചര്യത്തിലും ഉത്തര കൊറിയ അതിന്റെ ആണവ പ്രതിരോധ സംവിധാനം ചര്‍ച്ചാ മേശയിലെത്തിക്കുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.