ചണ്ഡിഗഡ്- പഞ്ചാബില്‍ കോവിഡ് ബാധിച്ച് ചികിസ്തയിലായിരുന്ന പോലീസ് ഉദ്യോഗ്സ്ഥന്‍ മരിച്ചു. ലുധിയാന അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അനില്‍ കോഹ്‌ലിയാണ് മരിച്ചത്. ലുധിനായ എസ്പിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്ന് ലുധിയാന ജില്ലാ ഭരണകൂടം അറിയിച്ചു. ഏപ്രിൽ 11 മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ലുധിയാന ജില്ലയിലെ നാലാമത്തെ കോവിഡ് മരണമാണിത്.
എസിപിയ്ക്ക് രോഗം ബാധിച്ചത് ആരില്‍നിന്നാണെന്ന് വ്യക്തമല്ല. കുറച്ച് ദിവസമായി സബ്സി മണ്ഡിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു, അവിടെ നിന്നായിരിക്കാം രോഗം ബാധിച്ചത് എന്ന് കരുതുന്നു.
അനില്‍ കോഹ്‌ലിയുടെ ഭാര്യയ്ക്കും, ബസ്തി ജോധേവാൽ എസ്എച്ച്ഒ ആയ സബ് ഇൻസ്പെക്ടർ, ഗണ്‍മാന്‍ എന്നിവര്‍ക്കും എസിപിയില്‍നിന്ന് രോഗം പകര്‍ന്നിട്ടുണ്ട്. എസ്എച്ച്ഒയുമായി ഇടപഴകിയ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം എസിപിയുടെ മകന് കോവിഡ് പരിശോധന നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാർച്ച് അവസാന വാരം മുഴുവൻ സബ്സി മണ്ഡിയില്‍ എസിപി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. നിരവധി പേരുമായി ഇവിടെ വച്ച് ഇടപഴകേണ്ടിവന്നു. ഇതിന് ശേഷം ഏപ്രില്‍ തുടക്കത്തിലാണ് അദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഏപ്രിൽ എട്ടിന് അദ്ദേഹത്തിന്റെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്താന്‍ വെള്ളിയാഴ്ച പഞ്ചാബ് സർക്കാർ തീരുമാനിച്ചിരുന്നു. ദാതാവിനെയും വെള്ളിയാഴ്ച മൊഹാലിയിൽ നിന്ന് ഏര്‍പ്പെടുത്തിയെങ്കിലും ചികിത്സ ആരംഭിക്കുന്നതിനുമുമ്പേ മരണം സംഭവിക്കുകയായിരുന്നു.