മുംബൈ- വെസ്‌റ്റേൺ നേവൽ കമാൻഡിൽ സേവനമനുഷ്ഠിക്കുന്ന 21 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് വൈറസ് ബാധിച്ചതായി അധികൃതർ അറിയിച്ചു.
കപ്പലുകളിലും അന്തർവാഹിനികളിലും അണുബാധയുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വെസ്‌റ്റേൺ നേവൽ കമാൻഡിന്റെ ഐ.എൻ.എസ് ആംഗ്രെയുടെ ഭാഗമായിരുന്നു നാവിക ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, എവിടെ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്ന് വ്യക്തമല്ല. നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. ഏപ്രിൽ ഏഴിന് കോവിഡ് സ്ഥിരീകരിച്ച ഒരു നാവികനിൽ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടർന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ മൂവായിരത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യൻ നേവിയിൽ ആദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.