ന്യൂദല്‍ഹി- കൊറോണ പ്രതിസന്ധിയെ നേരിടാന്‍ വേണ്ട കാര്യങ്ങളെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്കാ ഗാന്ധിയുടെ കത്ത്. സര്‍ക്കാര്‍ നടപ്പാക്കേണ്ട നിരവധി നടപടികളെ കുറിച്ചുള്ള നിര്‍ദേശങ്ങളാണ് പ്രിയങ്ക കത്തിലൂടെ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. കത്തില്‍ പ്രധാനമായും കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റാബി വിളകളുടെ സംഭരണവും സുഗമമായ വിളവെടുപ്പിനും വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ ചെയ്യണം.സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യാത്ത തൊഴിലാളികള്‍ക്കും ഗോതമ്പ് ,പയര്‍വര്‍ഗങ്ങള്‍,എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ റേഷന്‍ അനുവദിക്കണം. കൂടാതെ കൊറോണ വൈറസ് വ്യാപനത്തില്‍ സാമ്പത്തിക നഷ്ടം നേരിട്ട വ്യവസായങ്ങളും ദുരിതത്തിലാണെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.ഉത്തര്‍ പ്രദേശില്‍ സാമ്പത്തിക പുനരുജ്ജീവന പദ്ധതി ആവിഷ്‌കരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക പുനരുജ്ജീവന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും പ്രിയങ്ക നിര്‍ദേശിച്ചിട്ടുണ്ട്.